സ്വർണവിലയും എണ്ണവിലയും കുതിക്കുന്നു; വർധന ഇറാനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ

ടെഹ്‌റാന്‍/ടെല്‍ അവീവ്: ഇറാനിൽ കനത്തനാശം വിതച്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ രാജ്യാന്തരതലത്തിൽ സ്വർണവിലയും എണ്ണവിലയും വർധിക്കുന്നു. എണ്ണവില വെള്ളിയാഴ്ച പത്ത് ശതമാനം വർധിച്ചു. ബാരലിന് നാല് ഡോളർ ഉയർന്ന് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്വർണവില 1.5 ശതമാനവും വർധിച്ചു. പവന്റെ വില 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 രൂപയാണ് ഇന്നത്തെ വില. പശ്ചിമേഷ്യയിൽ ഉടലെടുത്ത ആശങ്ക വർധിച്ചാൽ ഇനിയും വില ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ആക്രമണം വ്യോമയാന ഗതാഗതത്തെയും ബാധിച്ചു. ടെഹ്റാൻ ആക്രമണത്തിനു പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ 13 ഇടത്തുണ്ടായ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. ഇറാൻ പരമോന്നത നേതാവ് ഖമനെനിയയുടെ ഉപദേശകൻ അലി ഷംഖാനിയും സൈനിക മേധാവി മുഹമ്മദ് ബാഗേരിയും റവല്യൂഷനറി ഗാർഡ് മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികളടക്കം നിരവധിപേർ കൊല്ലപ്പെട്ടെന്ന് ഇറാൻ വൃത്തങ്ങൾ അറിയിച്ചു. ഇസ്ഫഹാൻ സിറ്റിയിലെ ആണവകേന്ദ്രം സുരക്ഷിതമാണെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി അറിയിച്ചു.
ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആണവായുധ നിർമാണത്തിൽനിന്ന് ഇറാനെ തടയാനാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. എന്നാൽ അമേരിക്കയുടെ സഹായത്തോടെയുള്ള ആക്രമണമാണെന്ന് ഇറാൻ ആരോപിച്ചു. ഇസ്രയേൽ 'കഠിന ശിക്ഷ' അനുഭവിക്കുമെന്ന് ആയത്തുല്ല അലി ഖമനെയി പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നാലെ ഇസ്രയേയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലിലെ എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ യുഎസ് മുന്നറിയിപ്പ് നൽകി.
ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്നും നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ഒഴിവാക്കണമെന്നും ഇന്ത്യ പ്രതികരിച്ചു.
0 comments