Deshabhimani

എവറസ്റ്റ്‌ കയറ്റം ഇനി അതികഠിനം; പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ച്‌ നേപ്പാൾ

Mount Everest

photo credit: X

വെബ് ഡെസ്ക്

Published on Jan 23, 2025, 04:09 PM | 1 min read

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നതിനുള്ള പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ച്‌ നേപ്പാൾ. 36 ശതമാനമാണ്‌ പെർമിറ്റ്‌ ഫീസ്‌ വർധിപ്പിച്ചത്‌. മലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. പുതുക്കിയ പർവതാരോഹണ ചട്ട പ്രകാരം സ്പ്രിംഗ് സീസണിൽ(മാർച്ച് - മെയ്) വിദേശികളുടെ റോയൽറ്റി ഫീസ് നിലവിൽ ഒരാൾക്ക് 11,000 ഡോളറാണ്‌ (950778 ഇന്ത്യൻ രൂപ). അതാണ്‌ 15,000 ഡോളറായി (12,96,515 ഇന്ത്യൻ രൂപ) ഉയർത്തിയത്‌.


ശരത്കാല സീസണിൽ (സെപ്റ്റംബർ-നവംബർ) ഫീസ് 5,500 ഡോളറിൽ (475389 രൂപ) നിന്ന് 7,500 ഡോളറായും(648257 രൂപ) വർധിപ്പിച്ചു. ശീതകാലത്തും (ഡിസംബർ-ഫെബ്രുവരി), മൺസൂൺകാലത്തും (ജൂൺ, ആഗസ്ത്‌) ഓരോ വ്യക്തിയുടെയും പെർമിറ്റ് ചെലവ് 2,750 ഡോളറിൽ( 237694 രൂപ) നിന്ന് 3,750 ഡോളറായും(324128 രൂപ) ഉയർത്തി.


ഫീസ്‌ ഉയർത്തിയതിനെ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എന്നിരുന്നാലും ഇത് സംബന്ധിച്ച്‌ കാബിനറ്റ് തീരുമാനമെടുത്തതായി ടൂറിസം ബോർഡ് ഡയറക്ടർ ആരതി ന്യൂപനെ പറഞ്ഞു. പുതിയ ഫീസ് 2025 സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും അവർ കൂട്ടിച്ചേർത്തു. കാബിനറ്റ് അംഗീകരിച്ച പുതുക്കിയ ചട്ടങ്ങൾ നേപ്പാൾ ഗസറ്റിൽ പ്രസിധീകരിക്കുന്ന മുറയ്ക്കായിരിക്കും പ്രാബല്യത്തിൽ വരിക.


2015 ജനുവരി 1നാണ്‌ അവസാനമായി റോയൽറ്റി ഫീസ് പരിഷ്‌ക്കരണം നടത്തിയത്. “2025 ലെ സ്പ്രിംഗ് സീസണിലേക്ക്‌ ഇതിനകം നടത്തിയ ബുക്കിങ്ങുകളെ ഈ മാറ്റം ബാധിക്കില്ല” എന്ന്‌ ടൂറിസം മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ഇന്ദു ഗിമിയർ അറിയിച്ചു.









deshabhimani section

Related News

0 comments
Sort by

Home