അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ച് മൂഡീസ്

വാഷിങ്ടൺ: അമേരിക്കയെ ഉയർന്ന ക്രെഡിറ്റ് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കി ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. തുടർച്ചയായി വരുന്ന സർക്കാരുകൾ കടത്തിന്റെ വർദ്ധനവ് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രെഡിറ്റ് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കിയത്. യുഎസ് സമ്പദ്‍വ്യവസ്ഥയിലെ പ്രതിസന്ധി തീർക്കാനെന്ന പേരിൽ ട്രംപ് നടത്തുന്ന പ്രതികാരച്ചുങ്കമടക്കമുള്ള നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാകും.
യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് ഗോൾഡ് സ്റ്റാൻഡേർഡ് എഎഎയിൽ നിന്ന് എഎ1 ആക്കിയാണ് മൂഡീസ് റേറ്റിങ് കുറച്ചത്. വലിയ വാർഷിക ധനക്കമ്മിയും വർദ്ധിച്ചുവരുന്ന പലിശച്ചെലവും തടയുന്നതിനുള്ള നടപടികളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മൂഡീസ് വിലയിരുത്തി. യുഎസ് ഫെഡറൽ ഗവൺമെന്റിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ മൂന്ന് പ്രധാന റേറ്റിങ് ഏജൻസികളിൽ അവസാനത്തേതാണ് മൂഡീസ്. 2011ൽ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്‍ഡ് പുവർ ഗ്ലോബൽ റേറ്റിങ്ങും 2023ൽ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സും യുഎസിനെ ക്രെഡിറ്റ് റേറ്റിങ്ങിൽ നിന്ന് തരംതാഴ്ത്തിയിരുന്നു.
യുഎസിന്റെ കടത്തിന്റെ തോതിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. 2035 ആകുമ്പോഴേക്കും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ ഒമ്പത് ശതമാനമായി കടം വർധിക്കുമെന്നും മൂഡീസ് വ്യക്തമാക്കുന്നു. നിലവിൽ ഇത് 6.4 ആണ്.
0 comments