ലൊസ് ആഞ്ചലസ് കാട്ടുതീ മഹാദുരന്തം ; 10,000 വീട് കത്തിയമർന്നു, 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു
ലൊസ് ആഞ്ചലസ്
ലോകത്തിന്റെ വിനോദചലച്ചിത്രകേന്ദ്രമായ ഹോളിവുഡിനെ അടക്കം ഭീതിയിലാക്കി ലൊസ് ആഞ്ചലസില്‍ പടരുന്ന കാട്ടുതീയില്‍ ചാരമായത് പതിനായിരത്തിലധികം വീടുകള്‍. 35,000ലധികം ഏക്കർ പൂര്‍ണമായി കത്തിയമര്‍ന്നു. പത്തു മരണമാണ് സ്ഥിരീകരിച്ചതെങ്കിലും ആള്‍നാശം ഉയര്‍ന്നേക്കാം. മൂന്നുലക്ഷത്തിലധികം വീടുകളിൽ വൈദ്യുതിയില്ല. പരമാവധി ജലം തീയണയ്ക്കാൻ ഉപയോഗിക്കുന്നത് കുടിവെള്ള വിതരണം അവതാളത്തിലാക്കി. ഇതുവരെ1.8 ലക്ഷം പേരെ ഒഴിപ്പിച്ചു. പ്രസിഡന്റ് ജോ ബൈഡൻ കാട്ടുതീ വ്യാപനം രാജ്യത്തെ മഹാദുരന്തമായി പ്രഖ്യാപിച്ചു.
ശതകോടീശ്വരരായ ചലച്ചിത്രതാരങ്ങളുടെ ആഡംബരവസതികളും സ്റ്റുഡിയോകളും നിറഞ്ഞ വിഖ്യാതമായ ഹോളിവുഡ് ഹിൽസിലേക്കും തീ പടരുകയാണ്. ഓസ്കര്‍ ജേതാവായ വിഖ്യാത നടനും സംവിധായകനുമായ മെല്‍ഗിബ്സന്റെ മലിബുവിലുള്ള വീട് പൂര്‍ണമായി കത്തിയമര്‍ന്നു. പ്രസിദ്ധ ഹാസ്യതാരം ബില്ലി ക്രിസ്‌റ്റൽ, പോപ് താരങ്ങളായ മാൻഡി മൂർ, പാരിസ് ഹിൽട്ടണ്‍ തുടങ്ങിയവരുടെ ആഡംബര ഭവനങ്ങളും നിലംപൊത്തി.
കാട്ടുതീ പടരുന്ന വീടുകളില്‍ വ്യാപക മോഷണവും നടക്കുന്നു. 20 പേർ അറസ്‌റ്റിലായി. അക്രമം വ്യാപകമായ സാന്റ മോണിക്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സാന്റാ മോണിക്കയ്ക്കും മലിബുവിനുമിടയിൽ പലിസാഡ്‌സിലാണ് വന്‍ നാശമുണ്ടായത്. ഇവിടെ 15,000 ഏക്കർ കത്തിനശിച്ചു. 6000 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായി.
0 comments