ഗാസയിൽ യുവാവിനെ മനുഷ്യകവചമാക്കി ഇസ്രയേൽ
ഇസ്രയേൽ ഉപരോധം : ഗാസയിൽ പട്ടിണി പെരുകുന്നു

ഗാസ സിറ്റി : പതിനാറ് ദിവസം പിന്നിട്ട ഇസ്രയേൽ ഉപരോധത്തിൽ ഗാസയിൽ പട്ടിണി പെരുകുന്നു. കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ എല്ലാം തീർന്നുവരികയാണ്. ലക്ഷക്കണക്കിന് കുട്ടികൾ കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്നെന്ന് യുനിസെഫ് പറഞ്ഞു.
സാമൂഹിക അടുക്കളകളും വേഗം അടച്ചുപൂട്ടുകയാണ്. ദെയ്‌ർ അൽ ബലായിൽ മുമ്പ് 40,000 പേർക്ക് ദിവസവും ഭക്ഷണം നൽകിയിരുന്ന സാമൂഹിക അടുക്കള നിലവിൽ 10,000 പേരെ മാത്രമാണ് ഊട്ടുന്നത്.
പട്ടിണി കടുക്കുന്ന മുനമ്പിൽ വിശന്നുകരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. പട്ടിണിയെ യുദ്ധതന്ത്രമാക്കുന്ന ഇസ്രയേൽ നടപടിയെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ആവശ്യപ്പെട്ടു.
അതിനിടെ, ഗാസയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തി. മധ്യ ഗാസയിലും തെക്ക് റാഫ നഗരത്തിലും നിരവധി പേർക്ക് പരിക്കേറ്റു.
ഗാസയിൽ യുവാവിനെ മനുഷ്യകവചമാക്കി ഇസ്രയേൽ
വടക്കൻ ഗാസയിലെ ബെയ്‌ത് ലാഹിയയിൽ ആക്രമണത്തിനിടെ മുപ്പത്താറുകാരനായ യൂസഫിനെ മനുഷ്യകവചമാക്കി ഇസ്രയേൽ സൈന്യം. ബെയ്‌ത് ലാഹിയയിലെ ഹമദ് സ്‌കൂളിൽ അഭയംതേടിയ കുടുംബത്തെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചശേഷമാണ് യൂസഫിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ കവചമായി ഉപയോഗിച്ചത്. അൽ ജസീറ ചാനലിനോടാണ് യൂസഫ് നടുക്കുന്ന ഓർമകൾ പങ്കുവച്ചത്.
ആദ്യം സ്‌കൂളിലും പിന്നീട് സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളിലും ഹമാസുകാർക്കായി തിരച്ചിൽ നടത്താനാണ് ഇസ്രയേൽ സൈന്യം യുവാവിനെ കവചമാക്കിയത്. ആയുധമേന്തിയ സൈനികർ പിന്നിലും യൂസഫ് മുന്നിലുമായി ഓരോ മുറിയിലും പ്രവേശിച്ചായിരുന്നു തിരച്ചിൽ. നിരായുധനായ യൂസഫിനോട് ഓരോ മുറിയും തുറക്കാനും അകത്ത് പ്രവേശിച്ച് തിരച്ചിൽ നടത്താനും സൈന്യം ആവശ്യപ്പെട്ടു. ഹമാസുകാരെ കണ്ടാൽ ഉടൻ സൈന്യത്തെ അറിയിക്കണമെന്നായിരുന്നു നിർദേശം.
ഉത്തരവുകൾ അനുസരിച്ചാലും അവസാനം ഇസ്രയേൽ സൈന്യം കൊല്ലുമെന്ന് തന്നെയാണ് കരുതിയതെന്നും യൂസഫ് പറഞ്ഞു. ഒടുവിൽ യൂസഫിനെ കാലിൽ വെടിവച്ച് പരിക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ച് സൈനികർ കടന്നുകളഞ്ഞു. രക്തമൊലിക്കുന്ന കാലുമായി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആശുപത്രിയിൽ എത്തിയെന്നും അവിടെവച്ച് കുടുംബത്തെ കണ്ടുമുട്ടിയെന്നും യൂസഫ് പറയുന്നു. സംഭവത്തിന് ഒരാഴ്‌ച മുമ്പാണ് യൂസഫിന്റെ ഭാര്യ അമാൽ ഇളയ കുഞ്ഞിന് ജന്മം നൽകിയത്. സൈനികരിൽനിന്ന് രക്ഷപ്പെടുന്നതിനിടെ അമാലിന്റെ കൈയിൽനിന്ന് താഴെവീണ കുഞ്ഞിനും പരിക്കേറ്റിരുന്നു.
പലസ്‌തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിലും അഭയാർഥി ക്യാമ്പുകൾ ആക്രമിക്കുന്നതിനിടെ പ്രദേശവാസികളെ ഇസ്രയേൽ സൈന്യം കവചമായി ഉപയോഗിക്കുന്നത് പതിവാണ്. പലസ്‌തീൻകാരെ വാഹനങ്ങൾക്ക് മുമ്പിലും മുകളിലും കെട്ടിവച്ച് സൈന്യം അഭയാർഥി ക്യാമ്പുകളിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
0 comments