Deshabhimani

വെസ്റ്റ്‌ബാങ്കിൽ ആക്രമണം 
കടുപ്പിച്ച്‌ ഇസ്രയേൽ

israel attack in west bank
വെബ് ഡെസ്ക്

Published on Feb 11, 2025, 03:02 AM | 1 min read


ഗാസ സിറ്റി : വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും അധിനിവേശ വെസ്റ്റ്‌ബാങ്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ജനവാസ മേഖലകളിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്നു.


കഴിഞ്ഞ ദിവസം ഒരു ഗർഭിണിയടക്കം മൂന്നു പേരെ വെടിവച്ച്‌ കൊന്നതിന്‌ പിന്നാലെ വെസ്റ്റ്‌ബാങ്കിലെ ജെനിൻ, ടുബാസ്‌ ദുരിതാശ്വാസ ക്യാമ്പുകൾ ഇസ്രയേൽ ആക്രമിച്ചു.


മേഖലയില്‍ നിന്നും പലായനം ചെയ്‌തവരുടെ എണ്ണം 35,000 കവിഞ്ഞു. ജനുവരിയിൽ 60 കുട്ടികളടക്കം 580 പലസ്‌തീൻ സ്വദേശികൾ വെസ്റ്റ്‌ബാങ്കിലുടനീളം അറസ്റ്റിലായി. ഒരുദിവസത്തിനിടെ ഗാസ മുനമ്പിലെ വിവിധ ആശുപത്രികളിൽ 19 മൃതദേഹം എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തലിന്‌ മുമ്പ്‌ കൊല്ലപ്പെട്ട 14 പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടയാണിത്‌. ഇസ്രയേൽ കടന്നാക്രമണത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 48,208 ആയി.


ഗാസ കച്ചവടത്തിനുള്ളതല്ല: ഹമാസ്‌

ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നും പുനർവികസനം സാധ്യമാക്കാനുള്ള ചുമതല മധ്യപൂർവ ദേശത്തെ മറ്റ്‌ രാജ്യങ്ങൾക്ക്‌ നൽകുമെന്നും ആവർത്തിച്ച ഡോണൾഡ്‌ ട്രംപിനെതിരെ ഹമാസ്‌ രംഗത്ത്‌. ഗാസ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്‌റ്റേറ്റ്‌ വസ്‌തുവല്ലെന്നും പലസ്‌തീന്റെ അവിഭാജ്യ ഘടകമാണെന്നും ഹമാസിന്റെ മുതിർന്ന നേതാവ്‌ ഇസ്സത്തുൽ റിഷ്‌ഖ്‌ പറഞ്ഞു. ഗാസക്കാർ എങ്ങോട്ടെങ്കിലും പോകുകയാണെങ്കിൽ അത്‌ ഇസ്രയേൽ കൈയേറിയ ഇടങ്ങളിലേക്കായിരിക്കുമെന്നും ടെലഗ്രാമിൽ പങ്കുവച്ച പ്രസ്‌താവനയിൽ റിഷ്‌ഖ്‌ പറഞ്ഞു.


രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കുള്ള നീക്കം വീണ്ടും സജീവമായി. ചർച്ചകൾക്കായി ഖത്തറിലേക്ക് തിരിക്കാൻ ഇസ്രയേലി പ്രതിനിധികളോട് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സറിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന കഴിഞ്ഞ ദിവസം പിൻമാറി. ആദ്യ ഘട്ടത്തിൽ ഇതുവരെ 21 ഇസ്രയേലി ബന്ദികളെയും 566 പലസ്‌തീൻ തടവുകാരെയുമാണ്‌ മോചിപ്പിച്ചത്‌.




deshabhimani section

Related News

0 comments
Sort by

Home