'ജനവാസകേന്ദ്രങ്ങളോ ആശുപത്രികളോ ആക്രമിക്കില്ല'
അമേരിക്ക ഇസ്രയേലിന്റെ 'പാർട്ണർ ഇൻ ക്രൈം': ഇറാൻ വിദേശകാര്യമന്ത്രി

അബ്ബാസ് അരാഗ്ച്ചി
തെഹ്റാൻ: ഇറാനുമേൽ ഇസ്രേയൽ തുടരുന്ന ആക്രമണങ്ങൾക്കിടെ ചർച്ചകൾക്കായി നിരവധി തവണ അമേരിക്കയുടെ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. അമേരിക്ക ഇസ്രയേലിന്റെ 'പാർട്ണർ ഇൻ ക്രൈം' ആയിരിക്കുമ്പോൾ ഇക്കാര്യത്തിൽ ഇറാന് ഒന്നും തന്നെ പറയാനില്ല. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുംവരെ ആരുമായും ചർച്ചകൾക്കില്ലെന്നും മന്ത്രി പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇറാന്റെ മിസൈൽ പദ്ധതി പ്രതിരോധപരവും, കൃത്യമായി ലക്ഷ്യമിട്ടതുമാണ്. നൈതികവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുമാണ് തങ്ങൾ പ്രതിരോധം രൂപകൽപ്പന ചെയ്തിട്ടുള്ളത്. സൈനിക, സാമ്പത്തിക മേഖലകളെ മാത്രം ലക്ഷ്യമിട്ടാണ് പ്രത്യാക്രമണങ്ങൾ നടത്തുന്നത്. ജനവാസ കേന്ദ്രങ്ങളോ ആശുപത്രികളോ ആക്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ജനീവയിൽ അരാഗ്ച്ചി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണപദ്ധതി കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചിരുന്നു. നേരിട്ട് സൈനിക നടപടിക്കുള്ള മാർഗങ്ങൾ ട്രംപ് പരിഗണിക്കുന്നുണ്ടെന്നും ഏതു നിമിഷവും അന്തിമതീരുമാനമെടുക്കുമെന്നും വൈറ്റ്‌ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട്‌ചെയ്‌തു. യുഎസ്എസ് നിമിറ്റ്‌സ് വിമാനവാഹിനി സംഘര്‍ഷമേഖലയിലേക്ക് നീങ്ങുകയാണ്. യുഎസ്എസ് കാള്‍ വിന്‍സണ്‍ യുദ്ധക്കപ്പല്‍ നേരത്തേ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. എഫ്-22 എഫ്-35 യുദ്ധവിമാനങ്ങളും സജ്ജമാണ്.
അമേരിക്കയുടെ പിന്തുണ തേടുന്നത് ഇസ്രയേലിന്റെ ബലഹീനതയും ഭീരുത്വവുമാണ് വെളിവാക്കുന്നതെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പ്രതികരിച്ചു. ഖമനേയി നവ ഹിറ്റ്‌ലറാണെന്നും ജീവിച്ചിരിക്കാൻ അനുവദിക്കില്ലെന്നും ഇസ്രയേൽ ഭീഷണിമുഴക്കി. ഖമേനിയെ ഉന്മൂലനം ചെയ്യുക തങ്ങളുടെ യുദ്ധലക്ഷ്യങ്ങളിൽ ഒന്നാണെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
0 comments