ഇസ്രയേൽ ആക്രമണം: ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

തെഹ്‌റാൻ: ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെത്തുടർന്ന് ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക അറിയിപ്പ്.
"തെഹ്‌റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന കശ്‌മീരിലെ വിദ്യാർഥികളെക്കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ചിരുന്നു. 1,500 ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിലുണ്ട്. അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
ഇറാനിലെ തെഹ്‌റാൻ, ഷിറാസ്, ഖോം നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്. നേരത്തെ ഇറാനിലെ ഇന്ത്യൻ എംബസി എല്ലാ ഇന്ത്യക്കാർക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ: വിളിക്കാൻ മാത്രം: +98 9128109115, +98 9128109109 വാട്ട്‌സ്ആപ്പിന്: +98 901044557, +98 9015993320, +91 8086871709, ബന്ദർ അബ്ബാസ്: +98 9177699036, സഹെദാൻ: +98 9396356649.
0 comments