ഇറാൻ–ഇസ്രയേൽ സംഘർഷം ; ജി ഏഴ് ഉച്ചകോടിയിലും ചർച്ചയാകും

ഒട്ടാവ
ഇറാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലും പ്രധാന ചർച്ചയാകും. റഷ്യ–- ഉക്രയ്‌ൻ യുദ്ധവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധവും പ്രധാന ചർച്ചയാക്കാനിരുന്ന ഉച്ചകോടി, പശ്ചിമേഷ്യൻ സംഭവവികാസങ്ങളിൽ കൂടുതൽ ഊന്നാനാണ് സാധ്യത.
അമേരിക്കയുടെ പ്രത്യക്ഷ സഹായമില്ലാതെയാണ് ഇസ്രയേൽ ഇറാനിലേക്ക് സൈനികാക്രമണം അഴിച്ചുവിട്ടതെങ്കിലും, ഇസ്രയേൽ ആക്രമണത്ത പ്രകീർത്തിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇറാനുനേരെ ഒന്നിലേറെത്തവണ ഭീഷണിയും മുഴക്കി. ഈ സാഹചര്യത്തിൽ, വിഷയത്തിൽ നേരിട്ട് ഇടപെടുന്നതിൽനിന്ന് ട്രംപിനെ പിൻതിരിപ്പിക്കാനാകും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ ജി ഏഴ് അംഗങ്ങളുട ശ്രമം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനുമേൽ സ്വാധീനമുള്ള ഏറ്റവും പ്രധാനപ്പെട്ട ലോകനേതാവ് എന്ന നിലയിൽ, ആക്രമണം നിർത്തിവയ്ക്കാൻ അദ്ദേഹത്തിനുമേൽ സമ്മർദം ചെലുത്താനും ഈ രാജ്യങ്ങൾ ട്രംപിനോട് ആവശ്യപ്പെട്ടേക്കും.
എന്നാൽ, ഉക്രയ്‌ന് സഹായം പുനഃസ്ഥാപിക്കാനുള്ള ആവശ്യത്തോട് എന്നപോലെ, ഇറാൻ വിഷയത്തിലും മറ്റ് രാജ്യങ്ങളുടെ ആവശ്യത്തോട് ട്രംപ് മുഖംതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
0 comments