തുർക്കിയിലെ റിസോർട്ടിൽ വൻ തീപിടിത്തം: 66 പേര്‍ വെന്തുമരിച്ചു; നിരവധി പേർക്ക് പരിക്ക്

ഇസ്തംബൂള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്‌കീ റിസോർട്ടിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ 32 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബോലു പ്രവിശ്യയിലെ ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിലെ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നാലെ രണ്ട് പേര്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് ചാടിയതായും ഇവർ മരിച്ചതായും റിപ്പോർട്ടുണ്ട്.
234 പേരാണ് ഹോട്ടലില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അപകട സമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും ഹോട്ടലിലെ സ്‌കീ പരിശീലകനായ നെക്മി കെപ്‌സെറ്റുട്ടന്‍ പറഞ്ഞു. റിസോർട്ടിലുണ്ടായിരുന്ന 20 പേരെ സുരക്ഷിതമായി മാറ്റി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്നാൽ റിസോർട്ടിലെ നാലാം നിലയിലുള്ള റസ്റ്റോറന്റിൽ തീപിടിത്തമുണ്ടാവുകയും പിന്നീട് മുകളിലത്തെ നിലയിലേക്ക് തീ ആളിപടരുകയായിരുന്നെന്നാണ് പ്രാഥമിക കണ്ടെത്തൽ. റിസോർട്ടിന്റെ ചുമരിലെ തടികൊണ്ടുള്ള ആവരണം അപകടത്തിന് ആക്കം കൂട്ടിയെന്നാണ് റിപ്പോർട്ടുകൾ. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താനായത്. 267 അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Tags
Related News

0 comments