കൊന്നൊടുക്കിയത് 12,329 പലസ്‌തീൻ വിദ്യാർഥികളെ
വെടിനിർത്തൽ ധാരണ ഹമാസ് അംഗീകരിച്ചെന്ന്

കെയ്‌റോ
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള കരട് നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഖത്തർ കൈമാറിയ വെടിനിർത്തൽ നിർദേശങ്ങളുടെ കരട് ഹമാസ് അംഗീകരിച്ചെന്ന് മധ്യസ്ഥരാജ്യമായ ഈജിപ്തിന്റെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.
ആദ്യഘട്ടത്തിൽ 42 ദിവസത്തെ വെടിനിർത്തൽ, തുടർന്ന് രണ്ട് ഘട്ടമായി ഗാസ മുനമ്പിൽനിന്ന് പൂർണ സൈനിക പിന്മാറ്റം, ഇക്കാലയളവുകളിൽ ഘട്ടംഘട്ടമായി ബന്ദികളെയും തടവുകാരെയും മോചിപ്പിക്കണം എന്നെല്ലാമാണ് നിർദേശം. ഹമാസും ഇസ്രയേലും നിർദേശങ്ങൾ അവസാനവട്ടം പരിശോധിക്കുകയാണെന്ന് സമാധാന ചർച്ചകൾക്ക് ആതിഥ്യം വഹിക്കുന്ന ഖത്തർ പ്രതികരിച്ചു. ചർച്ച അന്തിമഘട്ടത്തിലാണെന്ന് ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചു.
ആദ്യഘട്ട വെടിനിർത്തൽ നടപ്പാക്കുന്ന ഘട്ടത്തില്‍ 33 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഇസ്രയേലിന്റെ അഞ്ച് വനിതാ സൈനികർ ഉൾപ്പെടെ സ്‌ത്രീകളും കുട്ടികളും മുതിർന്നവരും പരിക്കേറ്റവരുമാണ് പട്ടികയിലുള്ളത്.
ഇസ്രയേൽ ജീവപര്യന്തം ശിക്ഷിച്ച 30 ഹമാസുകാർ ഉൾപ്പെടെ 50 പലസ്‌തീൻ തടവുകാർക്ക് പകരം ഒരാൾ എന്ന നിലയിലായിരിക്കും സൈനികരുടെ മോചനം. ആറാഴ്‌ചയ്‌ക്കുള്ളിൽ ഗാസയിലെ ജനനിബിഡ മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. ദിവസം 600 ട്രക്ക് എന്ന നിലയിൽ അവശ്യവസ്‌തുക്കൾ മുനമ്പിലേക്ക് കടത്തിവിടുകയും ചെയ്യും.
രണ്ടും മൂന്നും ഘട്ടത്തിനായുള്ള ചർച്ചകൾ തുടരുമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ഉറപ്പിലാണ് ഹമാസ് കരട് നിർദേശങ്ങൾ അംഗീകരിച്ചതെന്നും റിപ്പോർട്ടുണ്ട്. എല്ലാ ബന്ദികളെയും വിട്ടുകിട്ടാതെ ഗാസയിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേൽ കടന്നാക്രമണം പൂർണമായും അവസാനിപ്പിച്ച് സൈന്യം പിന്മാറാതെ മുഴുവൻ ബന്ദികളെയും വിട്ടയക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്.
കൊന്നൊടുക്കിയത് 12,329 പലസ്‌തീൻ വിദ്യാർഥികളെ
2023 ഒക്‌ടോബർ ഏഴിനുശേഷം ഇസ്രയേൽ ആക്രമണത്തിൽ 12,329 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി പലസ്‌തീൻ വിദ്യാഭ്യാസ മന്ത്രാലയം. വിവിധ ആക്രമണങ്ങളിൽ 20,160 വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. 657 അധ്യാപകരും 3,904 ജീവനക്കാരും കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിൽമാത്രം 123 വിദ്യാർഥികൾ കൊല്ലപ്പെടുകയും 671 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 560 പേർ അറസ്റ്റിലായി. 324 സർക്കാർ സ്‌കൂൾ, കോളേജ്, സർവകലാശാല കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ തകർന്നു. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണംമൂലം 788,000 വിദ്യാർഥികൾക്ക് പഠനാവസരം നിഷേധിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
Related News

0 comments