Deshabhimani

ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങൾ

ആ​ഗോളസുരക്ഷയെ അപകടത്തിലാക്കുമെന്ന് ഖത്തർ, മുൻപുണ്ടാകാത്തവിധം പ്രത്യാഘാതമായിരിക്കുമെന്ന് ഈജിപ്ത്

Tehran in Israel Attack
വെബ് ഡെസ്ക്

Published on Jun 13, 2025, 04:31 PM | 1 min read

ടെഹ്റാൻ: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങൾ. ഇസ്രയേലിന്റെ "അസംബന്ധ പ്രവർത്തനങ്ങൾ" ആഗോള സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി പ്രതികരിച്ചു. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിലെ വിദേശകാര്യ സഹമന്ത്രി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി.


അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണുണ്ടായതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മുൻപുണ്ടാകാത്തവിധം പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഈജിപ്തും കൂടുതൽ സംഘർഷം ഒഴിവാക്കാൻ ആത്മസംയമനവും വിവേചനാധികാരവും പാലിക്കണമെന്ന് യുഎഇ വൃത്തങ്ങളും അറിയിച്ചു.


വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ 13 ഇടത്തുണ്ടായ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. ഇറാൻ പരമോന്നത നേതാവ് ഖമനെനിയയുടെ ഉപദേശകൻ അലി ഷംഖാനിയും സൈനിക മേധാവി മുഹമ്മദ് ബാ​ഗേരിയും റവല്യൂഷനറി ​ഗാർഡ് മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു. ഇറാന്റെ ഉന്നത സൈനിക ഉദ്യോ​ഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികളടക്കം നിരവധിപേർ കൊല്ലപ്പെട്ടെന്ന് ഇറാൻ വൃത്തങ്ങൾ അറിയിച്ചു. ഇസ്ഫഹാൻ സിറ്റിയിലെ ആണവകേന്ദ്രം സുരക്ഷിതമാണെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home