‘യുദ്ധം അവസാനിപ്പിക്കൂ’ ; ഗാസയിൽ തെരുവിലിറങ്ങി ജനം

ഗാസ സിറ്റി : ഇസ്രയേൽ കടന്നാക്രമണം വീണ്ടും രൂക്ഷമാകുന്ന ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് തെരുവിലിറങ്ങി ജനങ്ങൾ. വടക്കൻ ഗാസയിലെ ബെയ്‌ത് ലാഹിയയിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തുന്ന വീഡിയോ പുറത്തുവന്നു.
ഹമാസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. യുദ്ധം അവസാനിപ്പിക്കുക, ഞങ്ങൾക്ക് ഭക്ഷണം കഴിക്കണം, സമാധാനം വേണം, ഹമാസ് പുറത്തുപോവുക, ഞങ്ങളുടെ കുഞ്ഞുങ്ങളുടെ രക്തത്തിനും വിലയുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ബോംബാക്രമണവും കൊലപാതകവും പലായനവും മാത്രമുള്ള ജീവിതം മടുത്തെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇസ്രയേലിനും ഹമാസിനും പലസ്തീൻ അതോറിറ്റിക്കും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന അറബ് രാജ്യങ്ങൾക്കും എതിരായിരുന്നു പ്രതിഷേധം. ഇസ്രയേലിൽ ടെൽ അവീവിലടക്കം സർക്കാരും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഗാസയിൽ സ്വീകരിക്കുന്ന നിലപാടിനെതിരെ പതിവായി പ്രതിഷേധം ഉയരുന്നുണ്ട്.
ഒഴിപ്പിക്കൽ നോട്ടീസ് നൽകി ഇസ്രയേൽ
കടന്നാക്രമണം രൂക്ഷമാക്കുന്നതിനിടെ ഗാസയിലെ സെയ്‌തൂൺ, ടെൽ അൽ ഹവ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഈ മേഖലയിൽനിന്ന് സൈന്യത്തിനുനേരെ മിസൈൽ ആക്രമണം ഉണ്ടായെന്നും ഉടൻ തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു.
പലസ്തീനിയൻ ഇസ്ലാമിക ജിഹാദ് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഹമാസ് ബാക്കിയുള്ള 59 ബന്ദികളെയും വിട്ടയക്കുംവരെ കടന്നാക്രമണം തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, മുനമ്പിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറാതെ ബന്ദി കെമാറ്റം ഉണ്ടാകില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്. ഗാസയിൽ ബുധനാഴ്ച 38 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
0 comments