അബ്ദുറഹീമിനായുള്ള കാത്തിരിപ്പ് നീളും; കേസ് വീണ്ടും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ തടവിൽ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം നീളും. വധ ശിക്ഷ റദ്ദാക്കിയത്തിന് ശേഷം ആറാം തവണ കേസ് പരിഗണിച്ച കോടതി സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി കേസ് വീണ്ടും മാറ്റിവച്ചു. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസ് വിശദമായി പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ റിയാദ് ക്രിമിനൽ കോടതി മോചന ഹർജിയിൽ വിധിപറയുന്നത് മാറ്റിവച്ചത്.
18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന് വേണ്ടി, സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി ദിയാധനം നൽകുകയും, കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷ റദ്ദാക്കി കൊണ്ട്, 2024 ജൂലൈ രണ്ടിന് കോടതി ഉത്തരവിട്ടിരുന്നു. പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒക്ടോബർ 21 മോചന ഹർജി പരിഗണിച്ച ബഞ്ച്, വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ കേസിൽ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം കേസ് മാറ്റിവച്ചത്. നവംബർ 17ന് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബർ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട കോടതി വിധി പറയാൻ കേസ് ഡിസംബർ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. സാങ്കേതിക കാരണങ്ങളെ തുടർന്നാണിതെന്നായിരുന്നു റഹിം നിയമസഹായ സമിതി അറിയിച്ചത്.
2006ൽ ഡ്രൈവറായി ജോലി ലഭിച്ച് ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് അബ്ദുറഹീം ജയിലാകുന്നത്. വധശിക്ഷ റദ്ദാക്കിയശേഷം 2024 നവംമ്പർ 12ന് ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ഇസ്‌കാനിലുള്ള ജയിലിലെത്തി റഹിമിനെ നേരിൽ കണ്ടിരുന്നു.
Related News

0 comments