പാക്കിസ്ഥാനിൽ ബോംബ് സ്‌ഫോടനം: 11 മരണം, 7 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കൽക്കരി ഖനിത്തൊഴിലാളികളുമായി പോയ വാഹനത്തിന് നേരെയുണ്ടായ സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്ക്. ഹർണായി ജില്ലയിലെ ഷഹ്രാഗ് പ്രദേശത്ത് ഒരു മിനി ട്രക്കിൽ ഇടിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് ഡെപ്യൂട്ടി കമീഷണർ ഹസ്രത്ത് വാലി കക്കർ പറഞ്ഞു.
“കുറഞ്ഞത് 11 മൃതദേഹങ്ങളെങ്കിലും ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റി, പരിക്കേറ്റ ഏഴ് തൊഴിലാളികളെയും വൈദ്യസഹായത്തിനായി അയച്ചിട്ടുണ്ട്,” കക്കർ പറഞ്ഞു.
ദാരുണമായ സംഭവത്തിൽ ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.
തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പ്രാഥമിക അന്വേഷണത്തിൽ റോഡരികിൽ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നതായും ട്രക്ക് കടന്നുപോയപ്പോൾ പൊട്ടിത്തെറിച്ചതായും തെളിഞ്ഞതായി ഷാഹിദ് റിൻഡ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ മുൻകാലങ്ങളിൽ സമാനമായ ആക്രമണങ്ങൾ നടന്നിട്ടുള്ളത് നിരോധിത ബലൂച് ലിബറേഷൻ ആർമിയുടെ പേരിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ നിരോധിത വിമത ഗ്രൂപ്പുകൾ സമീപ മാസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുകയും ബലൂചിസ്ഥാനിൽ ജോലി ചെയ്യുന്ന സുരക്ഷാ സേന, സാധാരണക്കാർ, ചൈനീസ് പൗരന്മാർ എന്നിവരെ പതിവായി ലക്ഷ്യം വയ്ക്കുകയും ചെയ്തിട്ടുണ്ട്.
0 comments