Deshabhimani

ആരാധനാലയ സംരക്ഷണ നിയമം ; നിലപാടില്ല, മൗനത്തിൽ മോദി സർക്കാർ

worship act
avatar
എം അഖിൽ

Published on Feb 19, 2025, 03:09 AM | 1 min read


ന്യൂഡൽഹി : ആരാധനാലയ സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യംചെയ്യുന്ന ഹർജികളിൽ നിലപാട്‌ അറിയിക്കാതെ ഒളിച്ചുകളി തുടർന്ന്‌ കേന്ദ്രസർക്കാർ. നാലുവർഷത്തിലധികമായിട്ടും സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. നിയമത്തെ എതിർത്തും അനുകൂലിച്ചും നിരവധി ഹർജികൾ പരിഗണനയിലുണ്ട്‌. 2022 ഒക്ടോബർ മുതൽ 2024 ഡിസംബർ വരെ കോടതി പുറപ്പെടുവിച്ച നിരവധി ഉത്തരവുകളിൽ നിലപാട്‌ വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന്‌ സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ, നിർണായകവിഷയത്തിൽ ഇപ്പോഴും മോദി സർക്കാർ മൗനത്തില്‍.


കഴിഞ്ഞദിവസം കേസ്‌ പരിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാർ നിലപാട്‌ വ്യക്തമാക്കിയിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി. ഏപ്രിലിലേക്ക്‌ കേസ്‌ മാറ്റി. ഇനി കേസ്‌ പരിഗണിക്കുംമുമ്പെങ്കിലും കേന്ദ്രം നിലപാട്‌ അറിയിക്കുമോയെന്ന് വ്യക്തമല്ല. ചീഫ്‌ ജസ്റ്റിസ്‌ മെയ്‌ മാസത്തിൽ വിരമിക്കുംമുമ്പ്‌ ഉത്തരവുണ്ടാകുമോയെന്ന് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നു.

സ്വാതന്ത്ര്യലബ്‌ധിയുടെ അവസരത്തിൽ ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ അതിൽ മാറ്റം പാടില്ലെന്നാണ്‌ 1991ലെ ആരാധനാലയ നിയമത്തിന്റെ കാതൽ. ജ്ഞാൻവാപി, ഷാഹി ഈദ്‌ഗാഹ്‌, സംഭൽ തുടങ്ങി നിരവധി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമത്തർക്കങ്ങൾക്ക്‌ ഈ വിധിയാണ്‌ അടിസ്ഥാനമാകേണ്ടത്‌. ഇത്രയും സുപ്രധാന വിഷയത്തിലാണ്‌ മോദിസര്‍ക്കാര്‍ മൗനം തുടരുന്നത്.നിയമം ചോദ്യം ചെയ്‌ത്‌ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പടെയുള്ളവരാണ്‌ രം​ഗത്തുള്ളത്.


രാജ്യത്തിന്റെ മതനിരപേക്ഷതയും സാമുദായിക മൈത്രിയും സംരക്ഷിക്കാൻ നിയമം അനിവാര്യമെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം ഉൾപ്പെടെയുള്ള കക്ഷികൾ ഇടപെടൽ ഹർജി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home