'പബ്ജി കളിക്കാതെ ജോലിക്ക് പോകാന്‍ പറഞ്ഞു'; യുവാവ് ഭാര്യയെ കൊലപ്പെടുത്തി

ഭോപ്പാൽ : പബ്ജി ഗെയിമിന്റെ പേരിലുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. 24കാരിയായ നേഹ പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രഞ്ജീത് പട്ടേലാണ് യുവതിയെ കൊലപ്പെടുത്തിയത്. പബ്ജിയിൽ ശ്രദ്ധിക്കാതെ ജോലി കണ്ടെത്താൻ പറഞ്ഞതിന്റെ പ്രകോപനത്തിലാണ് രഞ്ജീത് നേഹയെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു. 6 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ശനി രാത്രിയായിരുന്നു സംഭവം. ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നേഹയെ കൊലപ്പെടുത്തിയത്. രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. രഞ്ജീതിനോട് മണിക്കൂറുകളോളം ഗെയിം കളിക്കുന്നത് നിർത്തി ജോലിക്കു പോകാൻ നേഹ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രഞ്ജീത് ഭാര്യയെ കൊലപ്പെടുത്തി. സംഭവസ്ഥലത്തുനിന്നും കടന്നുകളയുന്നതിനു മുമ്പ് ഇയാൾ നേഹയുടെ സഹോദരന് മെസേജ് അയച്ചിരുന്നു. നേഹയെ കൊലപ്പെടുത്തിയെന്നും തിരികെ കൊണ്ടുപോകാനും പറഞ്ഞായിരുന്നു സന്ദേശം. ഉടൻ തന്നെ ഇവരുടെ വീട്ടിലെത്തിയ നേഹയുടെ കുടുംബം അബോധാവസ്ഥയിലായ നേഹയെ കണ്ടെത്തി. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ നേഹ മരിച്ചതായി വ്യക്തമായി.
നേഹയുടെ കഴുത്തിൽ തുണി ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. രഞ്ജീതും ബന്ധുക്കളും പതിവായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും നേഹയുടെ കുടുംബം ആരോപിച്ചു. കുടുംബം മുമ്പ് പണം നൽകിയിരുന്നെങ്കിലും കാർ ആവശ്യപ്പെട്ട് വീണ്ടും സമ്മർദ്ദം തുടർന്നതായും അവർ ആരോപിച്ചു.








0 comments