ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു: രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ മഹിപാൽപൂർ ഏരിയയിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവും മറ്റൊരാളുമാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായാണ് ബ്രിട്ടിഷ് വനിത ഡൽഹിയിലെത്തിയത്. ഡൽഹിയിലെത്തിയ യുവതി വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തു. ചൊവ്വാഴ്ച യുവാവ് ഇവരെ കാണാനെത്തി. എന്നാൽ ഹോട്ടലിൽ വച്ച് മോശമായി പെരുമാറിയതിന്റെ പേരിൽ യുവാവുമായി വഴക്കുണ്ടായെന്നും തുടർന്ന് യുവാവ് ബലാത്സംഗം ചെയ്തെന്നുമാണ് യുവതി മൊഴി നൽകിയത്.
തുടർന്ന് സഹായം ചോദിച്ച് പുറത്തെത്തിയപ്പോൾ ലിഫ്റ്റിൽ വച്ച് മറ്റൊരാളും ലൈംഗികമായി ഉപദ്രവിച്ചുവെന്ന് യുവതി പറഞ്ഞു. രണ്ടുപേരെയും ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് ഹൈകമീഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
0 comments