യുജിസി കരട് മാർഗനിർദേശം ; എതിർപ്പുമായി ജെഡിയു , എൻഡിഎയിൽ ഭിന്നത


എം പ്രശാന്ത്
Published on Jan 23, 2025, 01:47 AM | 1 min read
ന്യൂഡൽഹി : ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തയ്യാറാക്കിയ യുജിസി കരട് മാർഗനിർദേശത്തെ ചൊല്ലി എൻഡിഎയിൽ ഭിന്നത. പ്രധാന ഘടകകക്ഷിയായ ജെഡിയു എതിർപ്പ് പരസ്യമാക്കി. ടിഡിപിയും എൽജെപിയും എതിർപ്പുമായി രംഗത്തിറങ്ങിയില്ലെങ്കിലും യോജിച്ചിട്ടില്ല. ലോക്‌സഭയിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താങ്ങിനിർത്താൻ ഈ ഘടകകക്ഷികളുടെ പിന്തുണ നിർണായകമാണ്. പ്രതിപക്ഷ പാർടികൾക്കൊപ്പം ഘടകകക്ഷികളും എതിർപ്പുയർത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.
വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് യുജിസി കരടുചട്ടം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം കുറയ്‌ക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ജെഡിയു വക്താവ് രാജീവ് രഞ്‌ജൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം നീക്കങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാകും. അതുകൊണ്ട് കരടുചട്ടത്തിൽ ഭേദഗതി ആവശ്യമാണ്–- അദ്ദേഹം പറഞ്ഞു.
യുജിസി കരടുചട്ടം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് ടിഡിപി വക്താവ് ദീപക് റെഡ്ഡി പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മടങ്ങിയെത്തിയശേഷം നിലപാടെടുക്കും.
എതിർപ്പുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കും. പരസ്യപ്പെടുത്തില്ല–- റെഡ്ഡി പറഞ്ഞു. യുജിസി കരടുചട്ടം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് എൽജെപിയും നിലപാടെടുത്തു. കേരളവും തമിഴ്‌നാടും യുജിസി കരടുചട്ടത്തിനെതിരായി നിയമസഭയിൽ പ്രമേയം പാസാക്കി. മറ്റ് പ്രതിപക്ഷ മുഖ്യമന്ത്രിമാരും എതിർപ്പ് അറിയിച്ചിട്ടുണ്ട്.
Related News

0 comments