ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് തുടക്കം


സ്വന്തം ലേഖകൻ
Published on Feb 22, 2025, 09:11 PM | 1 min read
ന്യൂഡൽഹി: നിർമിത ബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യകൾ നിക്ഷ്‌പക്ഷ സ്വഭാവം പുലർത്തുന്നതല്ലെന്നും പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ മുന്നോട്ടുവെയ്‌ക്കുന്ന വെല്ലുവിളികളിൽ ജാഗ്രത പുലർത്തണമെന്നും സാമ്പത്തികവിദഗ്‌ധൻ പ്രൊഫ. സി പി ചന്ദ്രശേഖർ. ന്യൂഡൽഹി ജവഹർഭവനിൽ ആരംഭിച്ച ദ്വിദിന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജ്ഞാനോൽപ്പാദനം അച്ചടിയിൽ നിന്ന് ഡിജിറ്റൽ സംവിധാനങ്ങളിലേയ്‌ക്ക് മാറിയത് വിജ്ഞാനത്തിന്റെ ജനാധിപത്യസ്വഭാവത്തിനും വികേന്ദ്രീകരണത്തിനും മുതൽക്കൂട്ടാണ്. അതേസമയം ഗ്രന്ഥശാലകൾ സ്ഥാപിച്ച ഉദ്ദേശങ്ങളെ തുരങ്കംവെയ്ക്കുന്ന രീതിയിൽ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്ന ഭരണകൂടമാണ് രാജ്യത്തുള്ളത്. രാഷ്‌ട്രീയാധികാരമുള്ളവർ ശാസ്‌ത്ര സത്യങ്ങളെ ശാസ്‌ത്രവേദികളിൽപ്പോലും വെല്ലുവിളിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. യുക്തിസഹമായ ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതാണ് അവരുടെ നയം. ഒരു പുസ്‌കതകത്തിന്റെ ആകെത്തുക അറിയാൻ ആ പുസ്‌തകം വായിക്കുക തന്നെ വേണം. നിർമിത ബുദ്ധി ഉപയോഗിക്കുമ്പോൾ അവയിൽ മാറ്റങ്ങളുണ്ടാകാനുളള സാധ്യതയുണ്ട്. അതിനാൽ സാങ്കേതികവിദ്യയെ നിഷ്‌പക്ഷമെന്ന് വിളിക്കാനാകില്ല - അദ്ദേഹം പറഞ്ഞു.
ഡൽഹി യങ് ആർട്ടിസ്‌റ്റ് ഫോറത്തിന്റെ കലാപരിപാടികളോടെയായിരുന്നു കോൺഗ്രസിന് തുടക്കം കുറിച്ചത്. ഭരണഘടനയുടെ ആമുഖം പ്രതിനിധികൾ എല്ലാരും ഉറക്കെച്ചൊല്ലി നടത്തിയ ഉദ്‌ഘാടനം വേറിട്ടതും ജനാധിപത്യ - മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണം വിളിച്ചോതുന്നതുമായി. രാജ്യസഭാംഗം ഡോ. വി ശിവദാസൻ, കവിയും മുൻ രാജ്യസഭാംഗവുമായ എൽ ഹനുമന്തയ്യ, മുൻ കണ്ണൂർ വി സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, കർണാടക അഡീ. ചീഫ് സെക്രട്ടറി ഉമ മഹാദേവൻ, വി കെ മധു, കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്‌ണൻ, എം ആർ മനു തുടങ്ങിയവർ ആദ്യ സെഷനിൽ സംസാരിച്ചു. ജെഎൻയു അധ്യാപകൻ ഡോ. വി ബിജുകുമാർ അധ്യക്ഷനായി. ഗ്രാമീണ പൊതു ലൈബ്രറികളെ സംബന്ധിച്ച് ഉമ മഹാദേവൻ സംസാരിച്ചു. പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി. കെ വി കുഞ്ഞികൃഷ്‌ണൻ, മൃദുല, ഡോ. പ്രഭ്ജ്യോത് കൗർ എന്നിവരുടേതായിരുന്നു മറ്റ് ക്ലാസുകൾ. ശ്രന്ഥശാല പ്രവർത്തകർ,വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറ്റമ്പതോളം പ്രതിനിധികളാണ് ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നത്.
0 comments