സംസ്ഥാന അധികാരം മാനിക്കണം
കടന്നുകയറ്റം വേണ്ട ; ഇഡിക്ക് സുപ്രീംകോടതി താക്കീത്


എം അഖിൽ
Published on Oct 15, 2025, 03:44 AM | 2 min read
ന്യൂഡൽഹി
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുകയാണെന്ന രൂക്ഷ വിമർശവുമായി സുപ്രീംകോടതി. മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന് (ടാസ്‌മാക്) എതിരായ ഇഡി അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്‌റ്റേ നീട്ടിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇഡിയുടെ അധികാര ദുർവിനിയോഗത്തിനെതിരെ ആഞ്ഞടിച്ചത്. തമിഴ്‌നാട് സർക്കാരും ടാസ്‌മാക്കും നൽകിയ ഹർജികളിലാണ് ഇടപെടൽ.
‘ഇൗ തരത്തിലാണ് ഇഡിയുടെ ഇടപെടലുകളെങ്കിൽ നമ്മുടെ ഫെഡറൽ സംവിധാനത്തിന് എന്ത് സംഭവിക്കും. അന്വേഷണം നടത്താനുള്ള സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് നിങ്ങൾ കടന്നുകയറുകയല്ലേ. സംസ്ഥാനം ഏതെങ്കിലും കേസ് അന്വേഷിക്കുന്നില്ലെന്ന് തോന്നിയാൽ നിങ്ങൾ ചാടിക്കയറി കേസെടുത്ത് അന്വേഷിക്കുമോ?’– ചീഫ് ജസ്‌റ്റിസ് ഇഡിയോട് ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) 17–ാം വകുപ്പനുസരിച്ച് ‘സംശയിക്കാനുള്ള കാരണങ്ങൾ’ ഉണ്ടെങ്കിൽ ഇഡിക്ക് ഇടപെടാമെന്ന് ഏജൻസിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പ്രതികരിച്ചു.
സംസ്ഥാന സർക്കാർ ഏജൻസികൾ നോക്കുകുത്തികളാണെന്ന മുൻവിധി കൈകൊള്ളുന്നത് ശരിയല്ലെന്ന് ചീഫ് ജസ്‌റ്റിസ് നിരീക്ഷിച്ചു. ‘കഴിഞ്ഞ ആറ് വർഷമായി ഇഡിയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള കേസുകൾ ഞങ്ങൾ പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇൗ കേസ് പരിഗണിച്ചപ്പോൾ ഞാൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു.
അതെല്ലായിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, കൂടുതൽ ഒന്നും പറയുന്നില്ല’– ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. മേയ് 22ന് ഇതേ കേസ് പരിഗണിച്ച അവസരത്തിൽ ഇഡി എല്ലാ സീമകളും ലംഘിക്കുകയാണെന്നും ഫെഡറൽ സംവിധാനത്തിന് ഒരു വിലയും നൽകുന്നില്ലെന്നും ചീഫ്‌ജസ്‌റ്റിസ് തുറന്നടിച്ചിരുന്നു.
ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവെച്ച വിജയ്‌മണ്ഡൽ ചൗധ്‌രി കേസിലെ (2022) വിധിക്ക് എതിരായ പുനഃപരിശോധനാഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അവയിൽ തീരുമാനമെടുത്തതിനുശേഷം ടാസ്‌മാക് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്‌റ്റിസ് വിനോദ്‌ചന്ദ്രൻ കൂടി അംഗമായ ബെഞ്ച് അറിയിച്ചു. കോർപറേഷൻ അനുവദിച്ച മദ്യശാല ഔട്ട്‌ലെകളുടെ നടത്തിപ്പുകാർ അഴിമതി നടത്തിയെന്ന് കണ്ടെത്തി സംസ്ഥാന സർക്കാർ 2014നും 2021നും ഇടയിൽ 41 കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. 2025ൽ രംഗപ്രവേശം ചെയ്‌ത ഇഡി ടാസ്‌മാകിനെ ലക്ഷ്യമിട്ടാണ് നീക്കം നടത്തുന്നത്.









0 comments