ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചത് ആശ്വാസകരം : സുപ്രീംകോടതി

ന്യൂഡൽഹി : നവംബർ 26 മുതൽ നിരാഹാരം അനുഷ്‌ഠിക്കുന്ന കർഷക നേതാവ് ജഗജിത് സിങ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചത് ആശ്വാസകരമെന്ന് സുപ്രീംകോടതി. ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചതും സമരം ചെയ്യുന്ന കർഷകർ കേന്ദ്രസർക്കാരുമായി ചർച്ചക്ക് തയാറായതും ശുഭാപ്തി വിശ്വാസമുണ്ടാക്കുന്നതായും നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ, ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുൻഉത്തരവ് പാലിക്കാത്തതിന് പഞ്ചാബ് സർക്കാരിന് എതിരായ കോടതിഅലക്ഷ്യ നടപടി മരവിപ്പിക്കുകയാണെന്നും സുപ്രീംകോടതി അറിയിച്ചു.
മിനിമം താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചാബ്–-ഹരിയാന അതിർത്തിയിൽ ദല്ലേവാൾ നിരാഹാര സമരം തുടരുന്നത്. ഫെബ്രുവരി 14ന് ചർച്ചയ്‌ക്ക് തയാറാണെന്ന് കേന്ദ്രസർക്കാരിന്റെ ഉന്നതതല സംഘം ദല്ലേവാൾ ഉൾപ്പടെയുള്ള കർഷകരുമായി കൂടിക്കാഴ്‌ച നടത്തി അറിയിച്ചിരുന്നു.
തുടർന്നാണ്, പ്രതിഷേധസ്ഥലത്തിനടുത്ത് സജ്ജീകരിച്ച താൽക്കാലിക ആശുപത്രിയിലേക്ക് ദല്ലേവാൾ മാറിയത്. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും.
Related News

0 comments