പോക്‌സോ കേസ് : അഭിഭാഷകന്റെ അറസ്‌റ്റ് തൽക്കാലം തടഞ്ഞു

ന്യൂഡൽഹി : പത്തനംതിട്ടയിൽ പതിനാറുകാരിയെ മദ്യം നൽകി ലൈംഗീക പീഡനത്തിരയാക്കിയ അഭിഭാഷകൻ നൗഷാദിന്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്‌റ്റിസ് ബി വി നാഗരത്നയുടെ ബെഞ്ചിന്റെ നടപടി. അപ്പീൽ തീർപ്പാക്കുംവരെ മാത്രമാണ് അറസ്‌റ്റ് തടയുന്നതെന്ന് കോടതി വ്യക്തമാക്കി. നൗഷാദ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് നോട്ടീസ് നൽകുന്ന മുറയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നീ നിർദേശങ്ങളും നൽകി. സംസ്ഥാനസർക്കാരിന് നോട്ടീസുമയച്ചു. അതേസമയം ഒരു അഭിഭാഷകനിൽ നിന്നുണ്ടായ പ്രവൃത്തിയിൽ സുപ്രീംകോടതി നടുക്കം രേഖപ്പെടുത്തി.
നൗഷാദ് ഒരു അഭിഭാഷകനാണെന്നും അതിനാൽ തന്നെ നിയമം അറിയുന്ന ഒരാൾക്ക് പോക്‌സോ കേസിൽ മുൻജാമ്യം നൽകില്ലന്നുമായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. മലപ്പുറം സ്വദേശിയായ നൗഷാദ് ഹോട്ടലിലെത്തിച്ച ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുവെന്നാണ് പോക്‌സോ കേസ്.
0 comments