വിമാന ദുരന്തം: അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ സർവേ നടത്തുമെന്ന് അധികൃതർ

അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ സർവേ നടത്തുമെന്ന് അധികൃതർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ സർവേ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെയും സിവിൽ ഏവിയേഷൻ വകുപ്പിലെയും ഉദ്യോഗസ്ഥർ നടത്തുമെന്ന് അഹമ്മദാബാദ് ജില്ലാ കളക്ടർ സുജീത് കുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്താവളങ്ങൾക്ക് സമീപമുള്ള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഘടനകളുടെ നിർമാണത്തിൽ നിയന്ത്രണം കർശനമാക്കുന്നതിനായി സിവിൽ വ്യോമയാന മന്ത്രാലയം 2025 ലെ വിമാന (തടസ്സങ്ങൾ പൊളിക്കൽ) ചട്ടങ്ങളുടെ കരട് പുറത്തിറക്കി.
ജൂൺ 12 നാണ് രാജ്യത്തെ നടുക്കിയ വിമാന അപകടമുണ്ടായത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോയ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു. മേഘാനിനഗർ പ്രദേശത്ത് മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ സമുച്ചയത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. പറന്നുയർന്ന് ഉടൻ തന്നെ പൈലറ്റ് അഹമ്മദാബാദിലെ എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ നൽകിയിരുന്നു. പിന്നാലെയാണ് വിമാനം തകർന്നത്. യാത്രക്കാരും ജീവനക്കാരുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. വിമാനം ഇടിച്ചുകയറിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളും പ്രദേശവാസികളുമടക്കം 270 പേർ മരിച്ചതായാണ് സർക്കാർ കണക്ക്.
0 comments