print edition തെറ്റ്‌ തിരുത്താൻ പിപ്ര

bihar election

ബിഹാറിലെ പിപ്ര നിയമസഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി രാജ്മംഗൾ പ്രസാദ് വോട്ട് അഭ്യർഥിക്കുന്നു (ഫോട്ടോ: പി വി സുജിത്)

avatar
എം അഖിൽ

Published on Nov 10, 2025, 12:01 AM | 1 min read

കിഴക്കൻ ചമ്പാരൻ (ബിഹാർ)​: ‘കഴിഞ്ഞ തവണ താങ്കൾക്ക്‌ വോട്ട്‌ ചെയ്‌തില്ല. അത്‌ തെറ്റാണെന്ന്‌ മനസ്സിലായി. ഇക്കുറി വോട്ട്‌ താങ്കൾക്കുതന്നെ’– പിപ്ര മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി രാജ്‌മംഗൾ പ്രസാദിനോട്‌ ചക്‌ണിയ ഗ്രാമത്തിലെ ‘ജീവികാദീദി’ (ഗ്രാമസേവിക) ആശാദേവി പറഞ്ഞു. ‘ഹസിയാ ഹഥോടാ താരാ’ (അരിവാൾ ചുറ്റിക നക്ഷത്രം) ഛാപ്പിന്‌ (ചിഹ്നം) വോട്ട്‌ കുത്താത്തത്‌ വലിയ അമളിയായി പോയെന്ന്‌ കഴിഞ്ഞ കുറേക്കാലമായി ആശാദേവി ആവർത്തിച്ച്‌ പറയുന്നുണ്ടെന്ന്‌ ഗ്രാമമുഖ്യൻ സഞ്‌ജയ്‌ സാഹ്‌നി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ആശാദേവിയെ പോലെ പലരും 2020ൽ രാജ്‌മംഗൾ പ്രസാദിന്‌ വോട്ട്‌ ചെയ്യാത്തതിൽ ആത്മാർഥമായി ഖേദിക്കുന്നുണ്ട്‌. 2015, 2020 വർഷങ്ങളിൽ പിപ്രയിൽനിന്ന് ജയിച്ച ബിജെപിയുടെ ശ്യാംബാബു പ്രസാദ്‌ യാദവിന്റെ ‘ജനസേവന’ത്തിൽ മനംമടുത്താണ്‌ ഇവർ തെറ്റ്‌ തിരുത്താനൊരുങ്ങുന്നത്‌.


കഴിഞ്ഞതവണ 80,000ത്തിലേറെ വോട്ടുനേടി രാജ്‌മംഗൾ പ്രസാദ്‌ ബിജെപിയെ വിറപ്പിച്ചിരുന്നു. മുകേഷ്‌ സാഹ്‌നിയുടെ വികാസ്‌ ശീൽ ഇൻസാൻ പാർടിയുടെ (വിഐപി) വോട്ടുകളും യാദവ വോട്ടർമാരിൽ ഒരുവിഭാഗത്തിന്റെ വോട്ടുകളും നഷ്‌ടപ്പെട്ടതുകൊണ്ടാണ്‌ പരാജയപ്പെട്ടതെന്ന്‌ രാജ്‌മംഗൾ പ്രസാദിന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്ന ഇംതിയാസ്‌ പറഞ്ഞു. ഇക്കുറി വിഐപി മഹാസഖ്യത്തിനൊപ്പം. യാദവ വോട്ടർമാരുടെ പ്രശ്‌നങ്ങൾ ആർജെഡി ഇടപെട്ട്‌ പരിഹരിച്ചു. ഇ‍ൗ സാഹചര്യത്തിൽ, മികച്ച ഭൂരിപക്ഷത്തിന്‌ രാജ്‌മംഗൾ ജയിക്കുമെന്നുറപ്പ്‌ –ഇംതിയാസിന്‌ ആത്മവിശ്വാസം.


രാജ്‌മംഗൾ പ്രസാദിനെ കാണാനും അഭിവാദ്യം ചെയ്യാനും ജനങ്ങൾ ആവേശത്തോടെ ഒത്തുകൂടുന്നു. മുച്ചക്രവാഹനത്തിൽ പ്രയാസപ്പെട്ട്‌ എത്തിയ ഭിന്നശേഷിക്കാരനായ വയോധികൻ ഗോപാൽജിയുടെ കണ്ണുകളിലെ ആവേശവും പ്രതീക്ഷയും ഉറപ്പായ വിജയത്തിന്റെ വ്യക്തമായ സൂചനയാണ്‌.


എരുമകൾക്കുവേണ്ടി പിണ്ണാക്കും ആഹാരവശിഷ്‌ടങ്ങളും കൂട്ടിക്കലർത്തുന്ന ഗേഗു സാഹ്‌നി പണി മതിയാക്കി ഓടിയെത്തി. ഹസ്‌തദാനത്തിന്‌ കൈ നീട്ടിയ സ്ഥാനാർഥിയോട്‌ ‘കൈയിൽ അഴുക്കാണെന്ന്‌’ ഗേഗു മടിച്ചെങ്കിലും സ്ഥാനാർഥി, ‘അതിനിപ്പോ എന്താ’ എന്ന പുഞ്ചിരിയോടെ കൈപിടിച്ച്‌ കുലുക്കി. ഇക്കുറി എല്ലാ സാധ്യതകളും സമവാക്യങ്ങളും അനുകൂലമാണെന്നും 14ന്‌ പിപ്രയിൽനിന്ന്‌ ശുഭവാർത്ത കേൾക്കാമെന്നും രാജ്‌മംഗൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home