പാസ്‌റ്ററുടെ മൃതദേഹം ഗ്രാമത്തില്‍ സംസ്‌കരിക്കാൻ പറ്റില്ലെന്ന് ബിജെപി

ന്യൂഡൽഹി : ചത്തീസ്‌ഗഡിൽ അന്തരിച്ച പാസ്റ്റർ സുഭാഷ് ബാഗേലിന്റെ മൃതദേഹം പട്ടികവർഗ വിഭാഗക്കാരുടെ ശ്‌മശാനത്തിൽ സംസ്‌കരിച്ചാൽ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന നിലപാടിൽ ഉറച്ച് സംസ്ഥാന സർക്കാർ.
ഗ്രാമത്തിന് പുറത്ത് 20 കിലോമീറ്റർ മാറി ക്രിസ്‌തുമത വിശ്വാസികൾക്കുള്ള ശ്‌മശാനത്തിൽ സംസ്‌കരിക്കാമെന്ന ബിജെപി സർക്കാരിന്റെ നിലപാട് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത സുപ്രീംകോടതിയിൽ പറഞ്ഞു.
അന്തരിച്ച പാസ്റ്ററുടെ മകൻ രമേഷ് ബാഗേലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ഈ നിർദേശത്തെ ശക്തമായി എതിർത്തു. പട്ടികവർഗത്തിൽനിന്ന് സ്വമേധയാ ക്രിസ്‌തുമതം സ്വീകരിച്ച പാസ്റ്ററോടും കുടുംബത്തോടും കാണിക്കുന്ന വലിയ വിവേചനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങൾ ചില അവസരങ്ങളിൽ ക്രമസമാധാനത്തിന് കീഴ്‌പ്പെടേണ്ടി വരുമെന്ന് തുഷാർ മെഹ്‌ത പറഞ്ഞു.
രമ്യമായ പരിഹാരമാണ് വേണ്ടതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി. ഈ മാസം ഏഴ് മുതൽ മൃതദേഹം മോർച്ചറിയിലാണ്.
Related News

0 comments