ദളിത് വരുദ്ധത തുടർന്ന് ബിജെപി
ബിഹാറിൽ എൻഡിഎ തകരുന്നു; മുന്നണിവിട്ട് ആർഎൽജെപി

പട്‌ന: നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിഹാറിൽ എൻഡിഎയിൽ ഭിന്നത. മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നയിക്കുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർടി (ആർഎൽജെപി) എൻഡിഎ മുന്നണിവിട്ടു. തിങ്കളാഴ്ച ആർഎൽജെപി മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രാം വിലാസ് പാസ്വാനെ "രണ്ടാം അംബേദ്കർ" എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ഭാരതരത്നം നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
"2014 മുതൽ ഞാൻ എൻഡിഎയിൽ ഉണ്ട്. ഇനി മുതൽ എന്റെ പാർടിയ്ക്ക് എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ന് ഞാൻ പ്രഖ്യാപിക്കുന്നു," പരസ് പറഞ്ഞു. ജെഡിയു നേതാവും നിലവിലെ ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാർ ഒരു "ദളിത് വിരുദ്ധൻ" ആണെന്നും ബീഹാർ ഒരു പുതിയ സർക്കാരിനെ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു എന്നും പരസ് പറഞ്ഞു. "നിതീഷ് കുമാറിന്റെ 20 വർഷത്തെ ഭരണത്തിൽ, സംസ്ഥാനത്ത് വിദ്യാഭ്യാസ സമ്പ്രദായം തകർന്നു, പുതിയ വ്യവസായങ്ങളൊന്നും ആരംഭിച്ചിട്ടില്ല, എല്ലാ ക്ഷേമ പദ്ധതികളുടെയും നടത്തിപ്പിൽ വ്യാപകമായ അഴിമതിയാണ്," പശുപതി കുമാർ പരസ് വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ ആര്‍എല്‍ജെപിയെ കിങ്മേക്കറാക്കുകയാണ് പരസിന്റെ നീക്കത്തിന് പിന്നിൽ. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും തന്റെ പാര്‍ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
'ഇന്നുവരെ ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പമായിരുന്നു, ഇന്നുമുതൽ ഞങ്ങൾ എൻഡിഎയുടെ സഖ്യകക്ഷിയല്ല' പശുപതി കുമാർ പരസ് തിങ്കളാഴ്‌ച പറഞ്ഞിരുന്നു. ആർഎൽജെപി എൻഡിഎയുടെ വിശ്വസ്ത സഖ്യകക്ഷികളിൽ ഒന്നായിരുന്നുവെന്നും എന്നാൽ 'അനീതി'യാണ് എൻഡിഎയിൽ നിന്ന് പാർടിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നും പരസ് പറഞ്ഞു. ആർഎൽജെപി ഒരു ദളിത് പാർടിയായതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എൻഡിഎ അനീതി കാണിച്ചു. ബീഹാറിൽ അടുത്തിടെ നടന്ന യോഗങ്ങളിൽ എൻഡിഎ അംഗങ്ങൾ ആർഎൽജെപിയെ അവഗണിച്ചിരുന്നു. ബീഹാറിൽ എൻഡിഎ യോഗങ്ങളിലെല്ലാം, ബിജെപി സംസ്ഥാന മേധാവിയും ജെഡിയു സംസ്ഥാന മേധാവിയും ബോധപൂർവം ആർഎൽജെപിയെ അവഗണിച്ചു.









0 comments