ബിഹാറിൽ എൻഡിഎയിൽ കൂട്ടയടി

ന്യൂഡൽഹി: ബിഹാറിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെ ഭരണമുന്നണിയായ എൻഡിഎയിൽ ഭിന്നത രൂക്ഷം. ചിരാഗ് പസ്വാന്റെ ലോക് ജൻശക്തി പാർടിക്ക് (എൽജെപി) അനുവദിച്ച നാല് സീറ്റുകളിൽ നിതീഷ് കുമാറിന്റെ ജെഡിയു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
പസ്വാന് അനുവദിച്ച മറ്റൊരു സീറ്റിൽ മത്സരിക്കുമെന്ന് രാഷ്ട്രീയ ലോക്‌മോർച്ച പാർടി (ആർഎൽഎം) നേതാവ് ഉപേന്ദ്ര കുശ്‌വാഹയും പ്രഖ്യാപിച്ചു. ബിജെപിയുടെ ഏകപക്ഷീയമായ സീറ്റുവിഭജനത്തിൽ ഹിന്ദുസ്ഥാനി അവാമി മോർച്ച (എച്ച്‌എഎം) നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും അതൃപ്‌തി പരസ്യമായി പ്രകടമാക്കി. ചിരാഗ് പസ്വാന്റെ പാർടിക്ക് ബിജെപി അനുവദിച്ച സോൻഹർസ, രാജ്‌ഗീർ, എക്‌മ, മൊർവ സീറ്റുകളിലാണ് ജെഡിയു ബുധനാഴ്‌ച സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതടക്കം 57 സീറ്റിൽ ജെഡിയു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
101 സീറ്റുകളാണ് ജെഡിയുവിന് ബിജെപി അനുവദിച്ചിരുന്നത്. കഴിഞ്ഞ തവണത്തെക്കാൾ 14 സീറ്റുകൾ ബിജെപി ഏകപക്ഷീയമായി വെട്ടികുറച്ചതിൽ ജെഡിയു നേതൃത്വം അതൃപ്‌തിയിലാണ്. ചിരാഗ് പസ്വാന്റെ പാർടിക്ക് അനുവദിച്ച ബോധ്‌ഗയ, മഖ്‌ദൂംപ്പുർ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് ജിതൻ റാം മാഞ്ചി പ്രഖ്യാപിച്ചു. ആറ് സീറ്റിൽ ഒതുക്കിയതിൽ ഉപേന്ദ്ര കുശ്‌വാഹ കടുത്ത പ്രതിഷേധത്തിലാണ്. കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് നിലപാടെടുത്ത കുശ്‌വാഹയെ ബിജെപി നേതൃത്വം ബുധനാഴ്‌ച ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇക്കുറി എൻഡിഎയിൽ കാര്യങ്ങൾ ഭദ്രമല്ലെന്ന് ഡൽഹിക്ക് തിരിക്കുംമുമ്പ് കുശ്‌വാഹ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ബിജെപി 12 സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 71 സീറ്റിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ആകെ 101 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്.









0 comments