ബിഹാർ സീറ്റ് ചർച്ച ; എൻഡിഎയിൽ ഭിന്നത

ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ സീറ്റ് വിഭജനത്തില്‍ എൻഡിഎയില്‍ തര്‍ക്കം. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്‌എഎം) 15 മുതൽ 20 വരെ സീറ്റ് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 100 സീറ്റില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രികൂടിയായ ജിതൻ റാം മാഞ്ചി ബിജെപിക്കും ജെഡിയുവിനും മുന്നറിയിപ്പ് നൽകി. അർഹിച്ച പരിഗണന ലഭിച്ചില്ലെങ്കിൽ സ്വന്തം നിലയ്‌ക്ക് തീരുമാനങ്ങളെടുക്കാൻ നിർബന്ധിതമാകുമെന്ന് ലോക്‌ജൻശക്തി (രാംവിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു.
കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായടക്കം സമവായത്തിന് ശ്രമിച്ചെങ്കിലും ജിതിൻ റാം മാഞ്ചി നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പാർടി രൂപീകരിച്ച് 10 വർഷം കഴിഞ്ഞെങ്കിലും മുന്നണി മതിയായ പരിഗണന നൽകുന്നില്ല. എല്ലാ മണ്ഡലത്തിലും പാർടിക്ക് 10,000–15,000 വോട്ട് ഉറപ്പാണെന്നും എച്ച്‌എഎം നേതാക്കൾ വാദിക്കുന്നു.
നിർണായക മണ്ഡലങ്ങളിൽ 20,000 മുതൽ 25,000 വോട്ട് വരെ നേടാനാകുമെന്നാണ് ചിരാഗ് പസ്വാൻ പറയുന്നത്. ‘എനിക്ക് സ്വന്തമായി കറി ഉണ്ടാക്കാൻ പറ്റില്ലായിരിക്കും. പക്ഷേ കറി നല്ലതോ ചീത്തയോ ആക്കുന്ന ഉപ്പാകാൻ എന്റെ പാർടിക്ക് കഴിയും’–ചിരാഗ് പസ്വാൻ പറഞ്ഞു.
അതേസമയം, ഘടകകക്ഷികളെ രംഗത്തിറക്കുന്നത് ബിജെപിയാണെന്ന് ജെഡിയു സംശയിക്കുന്നു. ഉറച്ച മണ്ഡലങ്ങളിൽ ഘടകകക്ഷികളെ മത്സരിപ്പിച്ച് സീറ്റുകൾ വെട്ടിക്കുറയ്‌ക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ജെഡിയു കരുതുന്നു.









0 comments