നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്നാണ് ബിജെപി നിലപാട്
print edition എൻഡിഎയിൽ നേതൃതർക്കം രൂക്ഷം

ന്യൂഡൽഹി
ബിഹാറിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി വ്യാഴാഴ്‌ച അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കാത്തത് എൻഡിഎയില്‍ പടലപ്പിണക്കം രൂക്ഷമാക്കി. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്നാണ് ബിജെപി നിലപാട്. ചിരാഗ് പസ്വാന്റെ എൽജെപിയും ജിതൻ റാം മാഞ്ചിയുടെ എച്ച്‌എഎമ്മും ബിജെപിക്ക് ഒപ്പമാണ്. തെരഞ്ഞെടുപ്പിനുശേഷം സാഹചര്യം അനുകൂലമെങ്കിൽ പരമാവധി എംഎൽഎമാരെ കൂറുമാറ്റി ജെഡിയുവിനെ വിഴുങ്ങാനും ബിജെപി ശ്രമിക്കും.
ബിജെപി നിതീഷിനെ ഒറ്റപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന് അർഹിച്ച ബഹുമാനം നൽകാൻ കോൺഗ്രസിനെ കഴിയൂവെന്നും പപ്പു യാദവ് എംപി പ്രതികരിച്ചു. അതേസമയം, നിതീഷാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ആർഎൽഎമ്മിന്റെ ഉപേന്ദ്ര ഖുശ്‌വാഹ പ്രഖ്യാപിച്ചു.
മഹാസഖ്യത്തിൽ ധാരണയായില്ല
മഹാസഖ്യത്തിലെ കക്ഷികള്‍ക്ക് കൃത്യമായ സീറ്റ്‌ധാരണയിൽ എത്താനായിട്ടില്ല.ആർജെഡി 143 മണ്ഡലത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ 12 സീറ്റിൽ സഖ്യകക്ഷികൾ പരസ്‌പരം മത്സരിക്കുന്ന സ്ഥിതിയാണ്. ആർജെഡിയും കോൺഗ്രസും ആറ് സീറ്റിൽ കൊന്പുകോർക്കും. സിപിഐയുടെ നാല് സീറ്റിൽ കോൺഗ്രസിന് സ്ഥാനാർഥികളുണ്ട്. വികാസ് ശീൽ ഇൻസാൻ പാർടിയുടെ രണ്ട് സീറ്റിലും ആർജെഡി മത്സരിക്കുന്നു.
ബിഹാറിൽ സ്ഥാനാർഥികളെ അറസ്റ്റ് ചെയ്യുന്നു
ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുന്പിരികൊണ്ടിരിക്കെ പ്രതിപക്ഷ പാർടി സ്ഥാനാർഥികളെ വ്യാപകമായി അറസ്റ്റുചെയ്യുന്നു. സസാറാം മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥി സതേന്ദ്ര ഷായെ നാമനിർദേശപത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ അറസ്റ്റുചെയ്‌തു. ക്രിമിനൽ ഗൂഢാലോചന, ആയുധം ഉപയോഗിച്ചുള്ള കൊള്ള തുടങ്ങിയ കുറ്റങ്ങളിൽ ഷായ്‌ക്ക് എതിരെ ജാർഖണ്ഡിൽ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ടായിരുന്നെന്നാണ് പൊലീസ് വിശദീകരണം. പിന്നീട് ജാർഖണ്ഡ് പൊലീസിന് കൈമാറി. അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയെ അറസ്റ്റുചെയ്‌തതിന് പിന്നിലെ രാഷ്‌ട്രീയം ജനങ്ങൾക്ക് മനസ്സിലാകുമെന്ന് ആർജെഡി പ്രതികരിച്ചു.
ജെഹാനാബാദിലെ എഐഎംഐഎം സ്ഥാനാർഥി മുഹമ്മദ് കലാമുദീനും അറസ്റ്റിലായി. വധശ്രമക്കേസിലാണ് അറസ്റ്റ്. എഐഎംഐഎം പ്രവർത്തകർ ജെഹാനാദബാദ് സദർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. നേരത്തെ സിപിഐ എംഎല്ലിന്റെ രണ്ട് സ്ഥാനാർഥികളെയും നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഭോരേ, ദരോലി സീറ്റുകളിലെ സ്ഥാനാർഥികളായ ജിതേന്ദ്രപസ്വാൻ, സത്യദേവ് റാം എന്നിവരെയാണ് അറസ്റ്റ്‌ചെയ്‌തത്. ഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹത്തിൽ ഭീതിപൂണ്ട എൻഡിഎ നേതാക്കൾ എതിർസ്ഥാനാർഥികളെ ജയിലിലടക്കുകയാണെന്നും സിപിഐ എംഎൽ പറഞ്ഞു.









0 comments