മഹാരാഷ്‌ട്രയില്‍ വന്‍ തട്ടിപ്പ്; സ്‌ത്രീകള്‍ക്കുള്ള പദ്ധതിയില്‍ പണം വാങ്ങിയവരിൽ 14,300 പുരുഷന്മാര്‍

മുംബൈ: രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പ് മഹാരാഷ്‌ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സ്‌ത്രീകള്‍ക്കായുള്ള പ്രതിമാസ ധനസഹായ പദ്ധതിയിൽ വ്യാപക ക്രമക്കേട്. പ്രതിമാസം 1500 രൂപ നൽകുന്ന "ലഡ്‌കി ബഹൻ യോജന'യിൽ അനര്‍ഹരായ 26.34 ലക്ഷം പേര്‍ ആനുകൂല്യം കൈപ്പറ്റി. ഇതിൽ 14298 പേര്‍ പുരുഷന്മാരാണ്. സ്‌ത്രീകള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ നിന്ന് 21.44 കോടി രൂപയാണ് പുരുഷന്‍മാര്‍ക്ക് കൊടുത്തത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്‍ത്രീകള്‍ക്ക് മാത്രം എന്ന് പ്രചരിപ്പിച്ച് 2024 മഹായുതി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയില്‍ വൻ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും എൻസിപി (എസ് പി) എംപി സുപ്രിയ സുലെ ആവശ്യപ്പെട്ടു. 21 മുതൽ 65 വയസുവരെ പ്രായമുള്ള 2.5 ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ള സ്‌ത്രീകളാണ് ഗുണഭോക്താക്കള്‍. എന്നാല്‍ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിൽ ക്രമക്കേട് നടത്തി പുരുഷന്മാരും പദ്ധതിയില്‍ ചേര്‍ന്നു.
ഒരു കുടുംബത്തിലെ രണ്ട് സ്‌ത്രീകള്‍ക്കുമാത്രമേ അപേക്ഷിക്കാനാകൂ എന്നിരിക്കെ മൂന്നാമത്തെ അംഗമായ 7.97 ലക്ഷത്തിലേറെ സ്‌ത്രീകള്‍ ചേര്‍ന്നു. ഇതുവഴി 1,196 കോടിയുടെ നഷ്‌ടം. 65 വയസിന് മുകളിലുള്ള 2.87 ലക്ഷം പേര്‍ പണം വാങ്ങി. വീട്ടിൽ നാലുചക്രവാഹനങ്ങളുള്ള 1.62 ലക്ഷം സ്‌ത്രീകളും പട്ടികയിലുള്‍പ്പെട്ടു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ മഹായുതി സഖ്യത്തിന് മാസങ്ങൾക്കുള്ളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവിന് സഹായിച്ചത് ഈ പദ്ധതിയാണ്.









0 comments