Deshabhimani

മണിപ്പുരില്‍ സമവായമായില്ല ; രാഷ്ട്രപതിഭരണത്തിലേക്ക്

manipur politics
വെബ് ഡെസ്ക്

Published on Feb 11, 2025, 03:00 AM | 1 min read

ന്യൂഡൽഹി : അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന്‌ സമവായമാകാത്ത സാഹചര്യത്തിൽ മണിപ്പുർ രാഷ്ട്രപതി ഭരണത്തിലേക്ക്‌. 60 അംഗ നിയമസഭയിൽ ബിജെപിക്ക്‌ 37 എംഎൽഎമാരാണുള്ളത്‌. ഇതിൽ 19 പേർ ബിരേൻ സിങ്ങിനെ പിന്തുണയ്‌ക്കുമ്പോൾ ഏഴ്‌ കുക്കി എംഎൽഎമാർ ഉൾപ്പെടെ 17 ബിജെപി അംഗങ്ങൾ സിങ്ങിനെതിരാണ്‌. ആറ്‌ എംഎൽഎമാരുള്ള നാഷണൽ പീപ്പിൾസ്‌ പാർടിയും ഏക ജെഡിയു അംഗവും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.


സ്‌പീക്കർ തോക്‌ചോം സത്യബ്രത സിങ്‌, നഗരവികസന മന്ത്രി യുമ്‌നാം ഖെംചോദ്‌ എന്നിവരാണ്‌ മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ളത്‌. എന്നാൽ മെയ്‌ത്തീ വിഭാഗത്തിലുള്ളയാൾ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ ബിജെപിയിലെ കുക്കി എംഎൽഎമാർ എതിർക്കും. ശേഷിക്കുന്ന 30 മെയ്‌ത്തീ എംഎൽഎമാരാകട്ടെ പല തട്ടിലും.

സത്യബ്രത സിങിനെ ബിരേൻ സിങ്‌ പക്ഷം പിന്തുണയ്‌ക്കില്ല. ബിരേൻ സിങിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ തനിക്ക്‌ അനുവദിക്കേണ്ടി വരുമെന്ന്‌ സത്യബ്രത സിങ്‌ ഡൽഹിയിലെത്തി ബിജെപി കേന്ദ്രനേതാക്കളെ ധരിപ്പിച്ചു.


രാഷ്ട്രീയസ്ഥിതി സംബന്ധിച്ച്‌ കേന്ദ്രസർക്കാർ ഗവർണർ അജയ്‌ കുമാർ ഭല്ലയുടെ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്‌. അത്‌ പരിശോധിച്ചാകും രാഷ്ട്രപതി ഭരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ രണ്ടുമാസത്തിനകം പാർലമെന്റിന്റെ അംഗീകാരം നേടണം. പരമാവധി ആറുമാസത്തേക്കാണ്‌ രാഷ്ട്രപതി ഭരണം. പിന്നീട്‌ നീട്ടാം. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ മെയ്‌ത്തീ സംഘടനകൾ എതിർക്കുമ്പോൾ കുക്കി വിഭാഗം പൊതുവിൽ അനുകൂലിക്കുകയാണ്‌.



deshabhimani section

Related News

0 comments
Sort by

Home