print edition ഇതാണോ നിതീഷിന്റെ ‘സുശാസനം’ ?


എം അഖിൽ
Published on Nov 09, 2025, 12:01 AM | 2 min read
ബിഹാറിൽ ആർജെഡിയുടെയും മഹാസഖ്യത്തിന്റെയും സാധ്യതകളെ കുറിച്ച് സംസ്ഥാന പ്രസിഡന്റും മുൻ എംപിയുമായ മൻഗാനി ലാൽ മണ്ഡൽ ‘ദേശാഭിമാനി’യോട് സംസാരിക്കുന്നു.
ലാലുവിന്റെ കാലത്തെ ‘ജംഗിൾരാജ്’ തിരിച്ചുവരണോയെന്നാണ് ബിജെപി ചോദിക്കുന്നത്?
ഞങ്ങളുടെ കാലത്ത് ‘ജംഗിൾരാജ്’ ആയിരുന്നെന്ന് അവർ പറയുന്നു. എന്നാൽ, അവരുടെ കാലത്ത് ‘മഹാ ജംഗിൾരാജ്’ ആണെന്നതാണ് യാഥാർഥ്യം. ഒരോ പൊലീസ് സ്‌റ്റേഷനിലും എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെങ്കിൽ സാധാരണക്കാരൻ ആയിരങ്ങൾ കൈക്കൂലി കൊടുക്കണം. ലാലുവിന്റെ കാലത്ത് ദളിതർക്കും പിന്നോക്കവിഭാഗക്കാർക്കും എതിരെ അതിക്രമങ്ങൾ ഉണ്ടായാൽ മുഖം നോക്കാതെ കേസെടുത്തിരുന്നു. തുടർ നടപടികൾ സ്വീകരിച്ചിരുന്നു. ഇപ്പോൾ കൂട്ടബലാത്സംഗങ്ങൾ നടന്നാൽ പോലും സവർണരായ കുറ്റവാളികൾക്ക് എതിരെ കേസെടുക്കുന്നില്ല. നിതീഷിനെ മുന്നിൽനിർത്തി സവർണരാണ് ഭരിക്കുന്നത്. അപ്പോൾ, അവരുടെ ആളുകൾ എന്ത് കൊടിയ കുറ്റങ്ങൾ ചെയ്‌താലും പൊലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ഇതാണോ നിതീഷും കൂട്ടരും പറയുന്ന സുശാസനം (നല്ല ഭരണം)?.
ഭരണവിരുദ്ധ വികാരത്തെ
എങ്ങനെ വിലയിരുത്തുന്നു?.
നിതീഷിന് സർക്കാരിനെ നയിക്കാനുള്ള ആരോഗ്യസ്ഥിതിയില്ലെന്നതാണ് യാഥാർഥ്യം. ആളുകൾക്ക് വയസ്സാകുന്നതും വാർധക്യസഹജമായ രോഗങ്ങളുണ്ടാകുന്നതും ഓർമക്കുറവുണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാൽ, ഒരു സർക്കാരിനെ സ്വതന്ത്രമായി നയിക്കേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള പ്രാപ്‌തി ഇല്ലാതായാൽ എന്ത് ചെയ്യും?. ഇൗ കാര്യം ഞങ്ങൾ രാഷ്ട്രീയ എതിരാളികളായതുകൊണ്ട് ഉന്നയിക്കുന്ന ആരോപണമല്ല. ബിഹാറിലെ ജനങ്ങൾക്ക് മുഴുവൻ അറിയുന്ന കാര്യമാണ്. ഇപ്പോൾ, നിതീഷല്ല ഭരിക്കുന്നത്. അദ്ദേഹത്തെ മുൻനിർത്തി ജെഡിയുവിലെ മൂന്നംഗസംഘമാണ് ഭരിക്കുന്നത്. ലല്ലൻസിങ്, സഞ്‌ജയ് ഝാ, വിജയ്‌കുമാർ ചൗധരി എന്നിവരുടെ തീരുമാനപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. ഇവരുടെ തീരുമാനങ്ങളിൽ ജെഡിയുവിലെയും സർക്കാരിലെയും ആളുകളും പൊതുജനങ്ങളും ഒരുപോലെ അതൃപ്‌തരാണ്.
ഇക്കുറി ആർജെഡി 143 സീറ്റിലാണ് മത്സരിക്കുന്നത്. 100ൽ അധികം സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ഞങ്ങളുടെ മുന്നണിയിലെ മറ്റ് പാർടികൾ 50 ഓളം സീറ്റുകൾ നേടുമെന്ന് കരുതുന്നു. മൊത്തം 150 സീറ്റുകൾ നേടി മഹാസഖ്യം അധികാരത്തിലെത്തും.
കോൺഗ്രസിന്റെ പ്രകടനം എങ്ങനെയാകും?
പ്രശാന്ത് കിഷോർ ‘എഫെക്‌റ്റ്’ ഉണ്ടാക്കുമോ?
കോൺഗ്രസിന്റെ പ്രകടനം അവരുടെ സ്ഥാനാർഥികളുടെ മികവും പ്രചാരണപരിപാടികളുടെ സ്വാധീനവും അനുസരിച്ചിരിക്കും. അതെങ്ങനെയാകുമെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല. പ്രശാന്ത്‌കിഷോർ ഒരു ചലനവും ഉണ്ടാക്കില്ല. അയാൾ ബിജെപിയുടെ ബി ടീമാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.









0 comments