ഇടവേളയ്‌ക്കുശേഷം മുകുന്ദൻ ഡൽഹിയിൽ

ഡൽഹിയിലെത്തിയ എം മുകുന്ദൻ ഇന്ത്യാഗേറ്റിന് സമീപത്തെ കുടുംബശ്രീ കഫേയിൽനിന്ന് ചായ കുടിക്കുന്നു ഫോട്ടോ: പി വി സുജിത്

സ്വന്തം ലേഖകൻ
Published on Feb 21, 2025, 10:15 AM | 1 min read
ന്യൂഡൽഹി: വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം ഡൽഹിയിൽ എത്തിയ മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം മുകുന്ദന് തിരക്കിന്റെ ദിനങ്ങൾ. 16ന് തലസ്ഥാനത്ത് എത്തിയ മുകുന്ദൻ സാഹിത്യസമ്മേളനങ്ങളിലും ചർച്ചകളിലും സൗഹൃദകൂട്ടായ്‌മകളിലും സജീവമായി. ഇന്ത്യാഗേറ്റിൽ പുതിയതായി തുടങ്ങിയ ‘കുടുംബശ്രീ കഫേ’യിൽ ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയ മുകുന്ദനെത്തി. രാജ്യതലസ്ഥാനത്ത് കണ്ണായ സ്ഥലത്ത് കുടുംബശ്രീയുടെ സംരംഭം വിജയകരമായി മുന്നേറുന്നതിന്റെ ആഹ്ലാദം ഒപ്പമുള്ളവരോട് പങ്കിട്ടു. ‘കേരളത്തിന്റെ ബ്രാൻഡായി കുടുംബശ്രീ മാറിയിട്ടുണ്ട്. മിതമായ നിരക്കിൽ രുചികരമായ കേരളവിഭവങ്ങൾ ഡൽഹിക്കാർക്കും ലഭ്യമാകുന്നത് സന്തോഷകരമാണ്’– മുകുന്ദൻ പറഞ്ഞു.
കഫേയിൽ ഉണ്ടായിരുന്ന വയനാട് കാർഷിക സർവകലാശാലയിലെ വിദ്യാർഥികൾ മുകുന്ദനെ തിരിച്ചറിഞ്ഞു. കൂട്ടത്തിൽ ഒരു വിദ്യാർഥി ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ പകർന്നുനൽകിയ വായനാനുഭവം പങ്കിട്ടു. അഞ്ചുപതിറ്റാണ്ട് ഡൽഹിയിൽ താമസിച്ച് ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്‌ത മുകുന്ദൻ കോവിഡ് കാലത്താണ് കേരളത്തിലേക്ക് മടങ്ങിയത്. ഡൽഹിയിൽ അംബരചുംബികളായ കൂടുതൽ കെട്ടിടങ്ങൾ ഉയർന്നുവരുന്നുണ്ടെങ്കിലും പാവപ്പെട്ടവർ താമസിക്കുന്ന ഗലികളിലെ ജീവിതാവസ്ഥയ്‌ക്ക് മാറ്റമില്ലെന്ന് മുകുന്ദൻ പറഞ്ഞു.
എല്ലാവർക്കും തുല്യമായ ജീവിതസാഹചര്യങ്ങൾ ഉറപ്പുവരുത്തുമ്പോഴേ രാജ്യതലസ്ഥാനം യഥാർഥത്തിൽ സുന്ദരമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ എംബസി കാലം’- എന്ന ജീവിതാനുഭവങ്ങളാണ് എം മുകുന്ദന്റെ ഒടുവിൽ പുറത്തിറങ്ങിയ പുസ്‌തകം. ഡൽഹിയിലുള്ള മമ്മൂട്ടിയുമായി വ്യാഴാഴ്‌ച വൈകിട്ട് എം മുകുന്ദൻ കൂടിക്കാഴ്‌ച നടത്തി. ജോൺബ്രിട്ടാസ് എംപിയും ഒപ്പമുണ്ടായി.
0 comments