Deshabhimani

ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം പൂർത്തിയായി

ദല്ലേവാളിന്‌ ഐക്യദാർഢ്യം ; 111 കർഷകർ
 നിരാഹാരത്തിന്

khannouri farmers protest
വെബ് ഡെസ്ക്

Published on Jan 15, 2025, 03:20 AM | 2 min read


ന്യൂഡൽഹി

പഞ്ചാബ്‌–- ഹരിയാന അതിർത്തിയായ ഖന്നൗരിയിൽ നിരാഹാര സമരം തുടരുന്ന ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിനൊപ്പം 111 കർഷകർകൂടി ബുധനാഴ്‌ച മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. പകൽ രണ്ടുമുതൽ കറുത്ത ബാഡ്‌ജണിഞ്ഞാകും പ്രതിഷേധം ആരംഭിക്കുകയെന്ന്‌ നേതാക്കൾ പറഞ്ഞു.


ചൊവ്വാഴ്‌ച ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം പൂർത്തിയായി. ഭക്ഷണം കഴിക്കാതെ വെള്ളംമാത്രം കുടിച്ചാണ്‌ അദ്ദേഹം ജീവൻ നിലനിർത്തുന്നത്‌. വിളകൾക്ക്‌ സ്വമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത താങ്ങുവില പ്രഖ്യാപിക്കുക, വിള ഇൻഷുറൻസ്‌ ഏർപ്പെടുത്തുക, കാർഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ഖന്നൗരി, ശംഭു പോയിന്റുകളിൽ കർഷക സമരം തുടരുന്നത്‌.


അതേസമയം, ഇവിടങ്ങളിൽ സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) , കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) സംഘടനകളുടെ അഭ്യർഥന മാനിച്ച്‌ സംയുക്ത കിസാൻമോർച്ച തിങ്കളാഴ്‌ച ഐക്യചർച്ച നടത്തിയിരുന്നു. ഒന്നിച്ചുള്ള സമരങ്ങൾ ആവിഷ്‌ക്കരിക്കാനായി 18ന്‌ വീണ്ടും യോഗം ചേരും.


കർഷകരുമായി ചർച്ചയ്‌ക്കില്ല ; സംസ്ഥാനങ്ങളില്‍ നോഡൽ ഓഫീസർമാരെ നിയമിച്ച് കേന്ദ്രം

താങ്ങുവിലയടക്കം ന്യായമായ ആവശ്യങ്ങളുന്നയിച്ച്‌ പ്രക്ഷോഭംതുടരുന്ന കർഷകരുമായി ചർച്ച നടത്താൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ കാർഷിക പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ സംസ്ഥാനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. സംസ്ഥാനങ്ങളില്‍ കാര്‍ഷികമന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനാണിത്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നടപടി ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധമാണെന്ന് അഖിലേന്ത്യ കിസാൻ സഭ ചൂണ്ടിക്കാട്ടി.


കൃഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉപദേശകരെയും അടക്കം 18 പേരെയാണ്‌ നോഡൽ ഓഫീസർമാരായി നിയമിച്ചത്‌. മന്ത്രാലയത്തിലെ ഉപദേശകനായ സി എഫ്‌ ജോസഫാണ്‌ കേരളത്തിന്റെ നോഡൽ ഓഫീസർ. ചിലർക്ക്‌ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ചുമതലയുമുണ്ട്‌. ഡിസംബർ 31 നാണ്‌ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്‌. സംസ്ഥാനങ്ങൾക്ക്‌ കത്തുമയച്ചു.


കൃഷി മന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ നോഡൽ ഓഫീസർമാർ അനുഗമിക്കും. കർഷകർ സമരമുഖത്തുള്ള ഹരിയാനയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കുമായി അഡീഷണൽ സെക്രട്ടറി പ്രമോദ് കുമാർ മെഹർദയെ നിശ്ചയിച്ചു. കർഷക പ്രക്ഷോഭം രൂക്ഷമായ പഞ്ചാബിൽ ആരെന്ന്‌ വ്യക്തമല്ല.


കർഷക സംഘടനകളുമായി പ്രശ്‌നങ്ങൾ ചർച്ചക്കൊരുങ്ങാതെ നോഡൽ ഓഫീസർമാരെ നിശ്ചയിച്ച നീക്കത്തെ അഖിലേന്ത്യ കിസാൻ സഭ രൂക്ഷമായി വിമർശിച്ചു.


കൃഷി സംസ്ഥാന വിഷയമാണെന്നും കേന്ദ്രാധികാരം വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്നും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുന്നത്‌ ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധമാണ്‌. കർഷക സംഘടനകളുമായി കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ തയ്യാറാകണമെന്നും വിജൂ കൃഷ്‌ണൻ ആവശ്യപ്പെട്ടു.





deshabhimani section

Related News

0 comments
Sort by

Home