Deshabhimani

ജഡ്‌ജിയുടെ വിദ്വേഷപ്രസംഗം: സിബിഐ അന്വേഷണം വേണം

SEKHAR
avatar
സ്വന്തം ലേഖകൻ

Published on Jan 19, 2025, 06:18 AM | 1 min read

ന്യൂഡൽഹി: വിഎച്ച്‌പി പരിപാടിയിൽ പങ്കെടുത്ത്‌ മുസ്ലിങ്ങൾക്കെതിരെ തീവ്ര വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജിക്കെതിരെ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ മുതിർന്ന അഭിഭാഷകർ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്‌ കത്ത്‌ നൽകി. ജഡ്‌ജി ശേഖർകുമാർ യാദവിന്റെ പ്രസംഗത്തിലെ വർഗീയ പരാമർശങ്ങൾ കണക്കിലെടുത്ത്‌ അദ്ദേഹത്തിന്‌ എതിരെ കേസെടുത്ത്‌ അന്വേഷിക്കാൻ ഉത്തരവിടണമെന്നാണ്‌ ആവശ്യം.

13 മുതിർന്ന അഭിഭാഷകരാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയ്‌ക്കും മൂന്ന്‌ മുതിർന്ന ജഡ്‌ജിമാർക്കും കത്ത്‌ നൽകിയത്‌. രണ്ട്‌ മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന പ്രകോപനപരമായ പ്രസംഗമാണ്‌ ശേഖർഗുപ്‌തയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുള്ളതെന്ന്‌ മുതിർന്ന അഭിഭാഷകർ കത്തിൽ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്, അസ്‌പി ചെന്നോയ്‌, നവ്‌റോസ്‌ സിർവായ്‌,ആനന്ദ്‌ ഗ്രോവർ, സി യു സിങ്, ജയ്‌ദീപ്‌ ഗുപ്‌ത, മോഹൻ വി കതാർക്കി, ഷോയബ്‌ ആലം, ആർ വൈഗൈ, മിഹിർ ദേശായ്‌, ജയന്ത്‌ ഭൂഷൺ എന്നിവരാണ്‌ കത്തിൽ ഒപ്പിട്ടിട്ടുള്ളത്‌. ജഡ്‌ജി ശേഖർകുമാർ യാദവിനെതിരെ സുപ്രീംകോടതി സ്വമേധയാ നടപടി തുടങ്ങിയിരുന്നു. ജഡ്‌ജിയെ വിളിച്ചുവരുത്തി കൊളീജിയം വിശദീകരണം തേടി.

വിവാദ പ്രസംഗത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്ന്‌ നിലപാടറിയിച്ച ശേഖർ ഗുപ്‌ത ഇതുവരെ അതിന്‌ തയാറായിട്ടില്ല. ഇതേതുടർന്ന്‌, ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന പുതിയ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ അലഹബാദ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്‌ നിർദേശം നൽകി. അതേസമയം, ശേഖർ ഗുപ്‌ത കുംഭമേളയിൽ രാമക്ഷേത്രത്തെ കുറിച്ചുള്ള സെമിനാറിൽ മുഖ്യാതിഥിയാകുമെന്ന അറിയിപ്പും വന്നു. വിവാദമായതോടെ ജഡ്‌ജി താൻ ആ പരിപാടിയിൽ പങ്കെടുക്കില്ലെന്ന്‌ വിശദീകരിച്ച്‌ രംഗത്തെത്തി.



deshabhimani section

Related News

0 comments
Sort by

Home