ഹരിയാനയിൽ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

ന്യൂഡൽഹി:
ഭൂമിത്തർക്കത്തിന്റെ പേരിൽ ഹരിയാനയിലെ ബിജെപി നേതാവിനെ അയൽക്കാരൻ വെടിവച്ചുകൊന്നു. സോനിപത്തിലെ മുണ്ട്‌ലാന മണ്ഡലം പ്രസിഡന്റായ സുരേന്ദർ ജവഹറിനെ അയൽക്കാരൻ മോനുവാണ് വെള്ളി രാത്രി വെടിവച്ചുകൊന്നത്.
റോഡരികിലെ കടയ്‌ക്കുള്ളിലേക്ക് സുരേന്ദറിനെ തള്ളിയിട്ട മോനു ഇയാളുടെ തലയ്‌ക്ക് നേരേ തോക്കുചൂണ്ടുന്നതും മൂന്നുവട്ടം വെടിയുതിർക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ ക്രമസമാധാനനില തകര്‍ന്നതായി പ്രതിപക്ഷം വിമര്‍ശിച്ചു.
മോനുവിന്റെ അമ്മാവന്റെ പക്കൽ നിന്ന് സുരേന്ദർ ഭൂമി വാങ്ങിയിരുന്നു. ഇതിൽ മോനുവും സുരേന്ദറും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഭൂമിയിൽ കാലുകുത്തിയാൽ സുരേന്ദറിനെ കൊല്ലുമെന്ന് മോനു ഭീഷണി മുഴക്കി. കഴിഞ്ഞദിവസം സുരേന്ദർ ആ ഭൂമിയിൽ പോകുകയും ചില നിർമാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തു. തുടർന്ന്, സുരേന്ദറിനെ പിന്തുടർന്നെത്തി മോനു വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
0 comments