'ഞാൻ വായ തുറന്നാൽ സർക്കാർ കുലുങ്ങും' കോൺഗ്രസിനെ വെട്ടിലാക്കി എംഎൽഎ

photo credit: facebook കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമീപം എംഎൽഎ ബിആർ പാട്ടീൽ
ബംഗളൂരു: കർണാടകയിലെ കേൺഗ്രസ് സർക്കാർ നടത്തിയ അഴിമതി വലിയ നാണക്കേടുണ്ടാക്കിയതായി കോൺഗ്രസ് എംഎൽഎ. ബിആർ പാട്ടീലും ഭവന മന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ പ്രൈവറ്റ് സെക്രട്ടറി സര്‍ഫറാസ് ഖാനും തമ്മിൽ നടത്തിയ സംഭാഷണമാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭവന വകുപ്പിലെ അഴിമതിയെക്കുറിച്ച് കോൺഗ്രസ് എംഎൽഎ ബിആർ പാട്ടീൽ തുറന്നുപറയുന്നതിന്റെ ഓഡിയോയാണ് പുറത്തായത്.
രാജീവ് ഗാന്ധി ഹൗസിംഗ് കോര്‍പ്പറേഷന്‍ എംഎല്‍എമാര്‍ നല്‍കിയ ശുപാര്‍ശ കത്തുകള്‍ അവഗണിച്ചതും തന്റെ മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും വീടുകള്‍ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയതും ഓഡിയോ ക്ലിപ്പിൽ ബിആർ പാട്ടീൽ പറയുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് സർക്കാർ അനുവദിച്ച വീടുകളുടെ പട്ടികയുണ്ട്. അതിൽ 950 വീടുകൾ ഇങ്ങനെ അഴിമതിയിലൂടെ അനുവദിച്ചതായി അദ്ദേഹം പറയുന്നു. 'ഞാൻ വായ തുറന്നാൽ സർക്കാർ കുലുങ്ങും' എന്നും പാട്ടീലിന്റെ ഭീഷണിയുണ്ട്.
ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ശബ്ദം തന്റേതാണെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുമെന്ന് പറഞ്ഞു.
പാട്ടീലിന്റെ ആരോപണങ്ങളെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം. ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാരിഖോളി പറഞ്ഞു.
ജനവിരുദ്ധ നയങ്ങളാണ് കർണാടകയിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഐടി, ഐടിഇഎസ്, ബിപിഒ മേഖലകളിലെ ജോലി സമയം 10 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്തുക, സർക്കാർ ഉടമസ്ഥതയിലുള്ള പാലുൽപ്പന്നങ്ങളെ തഴഞ്ഞ് പുറത്തു കമ്പനികൾക്ക് കിയോസ്‌ക്കുകൾ തുറക്കാൻ അനുമതി നൽകുക, വൈദ്യുതി, ബസ്, മെട്രോ നിരക്ക് വർധിപ്പിക്കുക തുടങ്ങി ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിലാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കം.
0 comments