Deshabhimani

പുതിയ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ അമിത്‌ ഷായുടെ വിശ്വസ്‌തൻ

gyanesh kumar
വെബ് ഡെസ്ക്

Published on Feb 19, 2025, 03:11 AM | 1 min read


ന്യൂഡൽഹി : ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ വിശ്വസ്‌തനെന്ന വിശേഷണമാണ്‌ പുതിയ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനുള്ളത്‌. തെരഞ്ഞെടുപ്പ്‌ കമീഷണറായി 2024 മാർച്ചിൽ നിയമിതനായ അദ്ദേഹം ഒരു വർഷം തികയുംമുമ്പ്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറായി. 2029 ജനുവരി 26വരെ പദവിയിൽ തുടരാം. 2027ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഇരുപതോളം നിയമസഭാ തെരഞ്ഞെടുപ്പുകളും ഗ്യാനേഷ്‌ കുമാറിന്റെ മേൽനോട്ടത്തിൽ നടക്കും. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കും തുടക്കമിടണം.


1988 ബാച്ച്‌ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്‌ കുമാർ, അമിത്‌ ഷായ്‌ക്ക്‌ കീഴിലുള്ള സഹകരണമന്ത്രാലത്തിന്റെ സെക്രട്ടറിയായാണ്‌ വിരമിച്ചത്‌. കേരളഹൗസ്‌ റസിഡന്റ്‌ കമീഷണറായിരുന്നു.


കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി പ്രതിരോധമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പാർലമെന്ററികാര്യ മന്ത്രാലയം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018–-21ൽ ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിലും നിർണായക പങ്ക്‌ വഹിച്ചതായാണ്‌ റിപ്പോർട്ടുകൾ.


ജമ്മു കശ്‌മീർ പുനഃസംഘടനാ ബിൽ രൂപീകരണത്തിലും നേതൃത്വം നൽകി. രാമജന്മഭൂമി ക്ഷേത്രട്രസ്‌റ്റ്‌ രൂപീകരിക്കുന്നതിലും പങ്കാളിയായി.


വിവേക്‌ ജോഷി എത്തുന്നത്‌ ഹരിയാന ചീഫ്‌ സെക്രട്ടറിസ്ഥാനത്തുനിന്ന്‌

ഹരിയാന ചീഫ്‌ സെക്രട്ടറിസ്ഥാനത്ത്‌ മൂന്നുമാസം മാത്രം പൂർത്തിയായ ഘട്ടത്തിലാണ്‌ 1989 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ വിവേക്‌ ജോഷി തെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിക്കപ്പെടുന്നത്‌. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന ജോഷി ഹരിയാന സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ്‌ മാതൃകേഡറിലേക്ക്‌ തിരിച്ചെത്തിയത്‌. സംസ്ഥാന സർവീസിലേക്ക്‌ തിരിച്ചുപോകുംമുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കീഴിലുള്ള പേഴ്‌സണൽ വകുപ്പിൽ സെക്രട്ടറിയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home