കേന്ദ്രനയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും പ്രതിനിധി സംഘത്തിന്റെ ഭാഗമാകും: സിപിഐ എം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ പ്രധാനമന്ത്രിയും സർക്കാരും വിസമ്മതിച്ചത് നിർഭാഗ്യകരമാണെന്ന് സിപിഐ എം. പാർലമെന്റ് സമ്മേളനം ഉടൻ വിളിച്ചുചേർക്കാനും ഇന്ത്യയിലെ ജനങ്ങളെ അറിയിക്കാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതായി സിപിഐ എം പ്രസ്തവനയിൽ പറഞ്ഞു. കേന്ദ്രനയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നയതന്ത്ര പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്നും സിപിഐ എം അറിയിച്ചു.
പാർലമെന്റ് സമ്മേളനം വിളിക്കുന്നതിനു പകരം ബിജെപി- എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് 'ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ ഇങ്ങനെ ചെയ്യുന്നത് വിവേചനപരമാണ്.
Related News
പ്രതിപക്ഷത്തുള്ളവർ ഉൾപ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ച് ഇത്തരമൊരു വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഗവൺമെന്റ് ആദ്യം ഇന്ത്യയിലെ ജനങ്ങളോടാണ് ഉത്തരവാദിത്തം പുലർത്തേണ്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടായിരിക്കണം. ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാരും സ്ഥിതിഗതികളെ വർഗീയവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതും ഉടൻ അവസാനിപ്പിക്കണം.
നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ച പ്രതിനിധി സംഘങ്ങളെക്കുറിച്ച് പാർടിയുടെ രാജ്യസഭാ കക്ഷിനേതാവിനെ വിളിച്ച് സർക്കാർ അറിയിച്ചിട്ടുണ്ട്. വിശാലമായ ദേശീയ താൽപ്പര്യം കണക്കിലെടുത്ത് അത്തരമൊരു പ്രതിനിധി സംഘത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് കരുതുന്നതായും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
0 comments