print edition ബിഹാറിൽ അവസാനഘട്ട പോളിങ് നാളെ

ന്യൂഡൽഹി: ആവേശകരമായ രാഷ്‌ട്രീയപോരാട്ടത്തിന് വേദിയായ ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്‌ച. 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും. പരസ്യപ്രചാരണം ഞായറാഴ്‌ച അവസാനിച്ചു. ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച. മഹാസഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അവസാനനിമിഷത്തെ വാഗ്‌ദാനപ്പെരുമഴയുടെ സ്വാധീനത്തിൽ ഭരണം നിലനിർത്താമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. എന്നാൽ, ശക്തമായ ഭരണവിരുദ്ധവികാരം ഇന്ധനമാക്കി പുതിയ സർക്കാരുണ്ടാക്കാമെന്നാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ.
അവസാനഘട്ടത്തിൽ 3.70 കോടി വോട്ടർമാരുണ്ട്. 2020ൽ ബിജെപി 42 സീറ്റും ആർജെഡി 33 സീറ്റും ജെഡിയു 20 സീറ്റും കോൺഗ്രസ് 11 സീറ്റും ജയിച്ച മണ്ഡലങ്ങളാണ് തിങ്കളാഴ്‌ച പോളിങ്. തിർഹുത്, സരൺ, വടക്കൻ മിഥിലാഞ്ചൽ മേഖലകളിൽ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഭാഗൽപ്പുരിൽ സ്വാധീനം നിലനിർത്താൻ ജെഡിയു കഠിനപ്രയത്നത്തിലാണ്. മഗധ് മേഖല തുണയ്‌ക്കുമെന്നാണ് മഹാസഖ്യം കരുതുന്നത്. ഇൗ മേഖലകളിൽ കാര്യമായ സ്വാധീനമോ ശക്തിയോ ഇല്ലാത്ത കോൺഗ്രസിന് സഖ്യകക്ഷികളുടെ പിന്തുണയിലാണ് പ്രതീക്ഷ.
17 ശതമാനം മുസ്ലിം സാന്നിധ്യമുള്ള സീമാഞ്ചൽ മേഖലയും രണ്ടാംഘട്ടത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. നാല് ജില്ലകളിലെ 24 സീറ്റുകൾക്കായി വലിയ പോരാട്ടമാണ് അരങ്ങേറുന്നത്. 2020ൽ ബിജെപിക്ക് എട്ടും ജെഡിയുവിന് നാലും കോൺഗ്രസിന് അഞ്ചും സീറ്റ് കിട്ടിയിരുന്നു. ആർജെഡിക്കും സിപിഐ എംഎല്ലിനും ഒരോ സീറ്റുകൾ വീതം ലഭിച്ചപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം അപ്രതീക്ഷിതമായി അഞ്ച് സീറ്റ് സ്വന്തമാക്കി. എന്നാൽ, അഞ്ചിൽ നാല് എംഎൽഎമാരും പിന്നീട് ആർജെഡിയിൽ ചേർന്നു. 36 ശതമാനം വരുന്ന അതിപിന്നാക്ക വിഭാഗക്കാരായ വോട്ടർമാർ നിർണായകസ്വാധീനം ചെലുത്തും. ഇൗ വിഭാഗം ഇക്കുറി നിതീഷിനെ പിന്തുണയ്‌ക്കുമോയെന്നത് കണ്ടറിയണം.
ഒന്നാംഘട്ടത്തിന്റെ കണക്കുകൾ പുറത്തുവിടാതെ തെര.കമീഷൻ
ന്യൂഡൽഹി: ബിഹാറിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പോളിങ് വിശദാംശങ്ങൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ. സ്‌ത്രീ, പുരുഷ വോട്ടർമാരുടെ കണക്കുകൾ ഉൾപ്പടെയുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ‘ഒന്നാംഘട്ടം കഴിഞ്ഞിട്ട് ദിവസങ്ങളായി. എന്നിട്ടും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്തിനാണ് കണക്കുകൾ മറച്ചുവയ്‌ക്കുന്നത്’– ആർജെഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു. വ്യാഴാഴ്‌ചയാണ് ഒന്നാംഘട്ട പോളിങ് നടന്നത്. 64.66 ശതമാനത്തിന്റെ റെക്കോർഡ് പോളിങ്ങാണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എന്നാൽ, പോളിങ് സംബന്ധിച്ച കൂടുതൽ കണക്കുകളും വിശദാംശങ്ങളും ഇനിയും പുറത്തുവിട്ടിട്ടില്ല. അതേസമയം, സമസ്‌തിപുരിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് വിവാദമായിരുന്നു.









0 comments