print edition ഡിസംബർ എട്ടിന് രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷകര്‍ ; വിത്ത്, വൈദ്യുതി ബില്ലുകൾ കത്തിക്കും

ന്യൂഡൽഹി
വൻകിട കോർപറേറ്റുകളെ സഹായിക്കാന്‍ കേന്ദ്രം കൊണ്ടുവരുന്ന വിത്തു ബില്ലിനും വൈദ്യുതി ഭേദഗതി ബില്ലിനുമെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കർഷകസംഘടനകൾ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡിസംബർ എട്ടിന് രാജ്യവ്യാപകമായി കർഷകർ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. ഗ്രാമങ്ങളിൽ കർഷകർ വിത്തു ബില്ലിന്റെയും വൈദ്യുതി ഭേദഗതി ബില്ലിന്റെയും പകർപ്പുകൾ കത്തിക്കും. പഞ്ചാബിൽ കർഷകർ വൈദ്യുതി ഓഫീസുകൾ ഉപരോധിക്കും.
വിത്ത് ഉൽപ്പാദിപ്പിക്കാനും സംഭരിക്കാനും കൈമാറ്റം ചെയ്യാനും കർഷകർക്കുള്ള അവകാശം തകിടം മറിക്കുന്നതാണ് വിത്ത് ബില്ലെന്ന് സംയുക്ത കിസാൻമോർച്ച ചൂണ്ടിക്കാട്ടി. വിത്തുമേഖലയുടെ കുത്തക അപ്പാടെ വൻകിട കമ്പനികൾക്ക് കൈമാറാനാണ് സർക്കാർ. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ ഒപ്പിട്ട പല അന്തർദേശീയ കരാർ വ്യവസ്ഥകളുടെയും ലംഘനമാണ് ബില്ലിലൂടെ സംഭവിക്കുക.
വൈദ്യുതി ഭേദഗതി ബില്ലും സ്വകാര്യവൽകരണം ലക്ഷ്യമിട്ടുള്ളതാണ്. നിലവിൽ പൊതുമേഖലയിലുള്ള വൈദ്യുതി വിതരണ കമ്പനികളെ ഇല്ലാതാക്കി സ്വകാര്യ കമ്പനികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇത് വൈദ്യുതി വില ഉയരുന്നതിനും ഗ്രാമീണ മേഖലകളിലും മറ്റും വൈദ്യുതിവിതരണത്തിന് തടസ്സങ്ങൾ നേരിടുന്നതിനും കാരണമാകും– സംയുക്ത കിസാൻമോർച്ച പ്രസ്‌താവനയിൽ പറഞ്ഞു.









0 comments