'വൃക്ഷങ്ങളുടെ മാതാവ്' : സാലുമരദ തിമ്മക്ക അന്തരിച്ചു

ബംഗളൂരു : പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
1911 ജൂൺ 30ന് മഗഡി താലൂക്കിലെ ഹൂളികലിൽ ജനിച്ച തിമ്മക്ക വ്യക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. വഴിയരികിൽ ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിച്ച തിമ്മക്ക വൃക്ഷമാതാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഹൂളികലിനും കുടൂരിനുമിടയ്ക്കുള്ള പാതയിൽ 4.5 കിലോമീറ്ററോളം തിമ്മക്ക 385 ആൽമരങ്ങൾ നട്ടുവളർത്തി. ഇതോടെയാണ് കന്നഡയിൽ മരങ്ങളുടെ നിര എന്നർഥം വരുന്ന സാലുമരദ എന്ന പേര് തിമ്മക്കയിക്ക് ലഭിച്ചത്. 8,000ത്തോളം മറ്റു വൃക്ഷങ്ങളും തിമ്മക്ക വച്ചുപിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1995ൽ നാഷണൽ സിറ്റിസൺ പുരസ്കാരവും 1997ൽ വൃക്ഷമിത്ര അവാർഡും 2010ൽ ഹംപി സർവകലാശാലയുടെ നദോജ പുരസ്കാരവും ലഭിച്ചു. 2019ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2016ൽ ബിബിസിയുടെ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ 100 സ്ത്രീകളുടെ പട്ടികയിലും തിമ്മക്ക ഇടം നേടി.
തിമ്മക്കയുടെ വിയോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രാഷ്‍ട്രീയ സാമൂഹ്യരംഗത്തെ നിരവധി പേരും അനുശോചനം രേഖപ്പെടുത്തി.









0 comments