തെരഞ്ഞെടുപ്പ് കമീഷന് അമിതാധികാരം ; പൗരത്വത്തിൽ സംശയം തോന്നുന്നവരുടെ വിവരം അധികൃതർക്ക് കൈമാറും

ന്യൂഡൽഹി
വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കിടെ വ്യക്തിയുടെ പൗരത്വത്തിൽ സംശയം തോന്നിയാൽ നടപടികളിലേക്ക് കടക്കാനും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് അധികാരം. ബിഹാറിലെ വോട്ടർപ്പട്ടികാ പുനഃപരിശോധന പ്രഖ്യാപിച്ച് ജൂൺ 24ന് കമീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ 5 ബി ചട്ടമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നത്.
പൗരത്വത്തിൽ സംശയം തോന്നിയാൽ ഇലക്‌ടറൽ രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് അവരുടെ വിവരം പൗരത്വനിർണയ ചുമതലയുള്ള ഫോറിനേഴ്സ് ട്രിബ്യൂണലിന് കൈമാറാം. ഇതോടെ ട്രിബ്യൂണലിന് മുമ്പാകെ പൗരത്വം തെളിയിക്കേണ്ടത് വോട്ടറുടെ ബാധ്യതയാകും. പൗരത്വം തെളിയിക്കാനായില്ലെങ്കിൽ ഇന്ത്യൻ പൗരനെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും നഷ്‌ടമാകും. തടങ്കലിലേക്കും നാടുകടത്തലിലേക്കും എത്തുകയുംചെയ്യും.
തെരഞ്ഞെടുപ്പ് കമീഷനിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പാക്കുകയാണെന്ന വിമർശം ശക്തമാണ്. പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി എതിർത്തിട്ടും നടപടികളുമായി മുന്നോട്ടുപോകുമെന്ന വാശിയിലാണ് കമീഷൻ.
ബിഹാറിൽ ആശങ്ക
ബിഹാറിൽ പുനഃപരിശോധനാ നടപടിയിലേക്ക് സർക്കാർ കടന്നതോടെ ജനം ആശങ്കയിലാണ്. ഗ്രാമങ്ങളിൽ ജനങ്ങളുടെ പക്കലുള്ള തിരിച്ചറിയൽരേഖ ആധാറും വോട്ടർകാർഡും തൊഴിലുറപ്പ്‌കാർഡുമാണ്. എന്നാൽ പൗരത്വത്തിന് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഇവ മൂന്നുമില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞദിവസം വിളിച്ച യോഗത്തിലും പുനഃപരിശോധന ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർടികൾ ഉയർത്തി. എന്നാൽ കമീഷൻ വഴങ്ങിയില്ല.
ഒരു കോടി പേർക്ക് ഫോം കിട്ടിയില്ല
ബിഹാറിൽ വോട്ടർപ്പട്ടികാ പുനഃപരിശോധനയുടെ ഭാഗമായ പേരുചേർക്കൽ പ്രക്രിയയിൽ, ഒരു കോടിയിലേറെ പേർക്ക് ഫോം ലഭിച്ചില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ.
ഒന്നരക്കോടിയോളം വീടുകൾ ബൂത്തുതല ഉദ്യോഗസ്ഥർ സന്ദർശിച്ചു. 6.86 കോടി ഫോം വിതരണംചെയ്തു. ആകെ 7.90 കോടി വോട്ടർമാരാണ് ബിഹാറിലുള്ളത്. ഇതിൽ 13 ശതമാനംപേർക്കാണ് ഫോം ലഭിക്കാത്തത്. ഫോം ലഭിക്കാത്തവരുടെ പട്ടികയിൽ മരിച്ച വോട്ടർമാരും ഉൾപ്പെട്ടിരിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം.
0 comments