Deshabhimani
ad

ടാസ്മാക്കിൽ ഇ ഡിക്ക് തിരിച്ചടി; ആകാശ് ഭാസ്കരനും സുഹൃത്തിനുമെതിരെയുള്ള നടപടികൾക്ക് സ്റ്റേ

ed madras hc
വെബ് ഡെസ്ക്

Published on Jun 20, 2025, 02:40 PM | 1 min read

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനെതിരായ അന്വേഷണത്തിൽ ഇ ഡിക്ക് തിരിച്ചടി. ചലച്ചിത്ര നിർമാതാവ് ആകാശ് ഭാസ്കരനും സുഹൃത്തും വ്യവസായിയുമായ വിക്രം രവീന്ദ്രനുമെതിരായ നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം എസ് രമേശ്, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്.


ടാസ്മാക് അന്വേഷണത്തിൽ ഇരുവരെയും ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ, ലാപ്ടോപ്പ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും തിരിച്ച് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇരുവരുടേയും വസതികളിൽ കഴിഞ്ഞ മെയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് പൂർത്തിയായില്ലെന്ന ഇ ഡിയുടെ വാദം കോടതി തള്ളി.


ഇ ഡി സമർപ്പിച്ച രേഖകൾ കോടതി പരിശോധിച്ചു. ഇരുവരുടേയും വസതികളിലും ഓഫീസുകളിലും ഇ ഡി നടത്തിയ റെയ്ഡും ഇതിനായി മെയ് 15 ന് ഇ ഡിയുടെ ജോയിന്റ് ഡയറക്ടർ പുറപ്പെടുവിച്ച അനുമതിയും പരിധി ലംഘനമാണെന്ന് പ്രഥമദൃഷ്ടിയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ അനുവദിച്ചത്.


ഇ ഡി ജോയിന്റ് ഡയറക്ടർ റെയ്ഡിനുള്ള അനുമതി നൽകുമ്പോൾ ടാസ്മാക് അന്വേഷണവുമായി ഹർജിക്കാരെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും അവരുടെ പക്കൽ ലഭ്യമായിരുന്നില്ല. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെയുള്ള നടപടിക്രമങ്ങൾ കോടതി താത്കാലികമായി തടഞ്ഞത്.


കോടതിയിൽ നിന്ന് ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ പിടിച്ചെടുത്ത വസ്തുക്കളിൽ യാതൊരു മാറ്റവും വരുത്തരുതെന്ന് കോടതി പറഞ്ഞു. ഇ ഡി ഹാജരാക്കിയ രേഖകളുടെ ഒരു പകർപ്പ് മുദ്രവച്ച കവറിൽ സുരക്ഷിതമായി സൂക്ഷിക്കാൻ ഹൈക്കോടതി രജിസ്ട്രിയോട് ബെഞ്ച് നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home