ഡൊമിനോസിന്റേതിന് സമാനമായ പേരും ലോഗോയും ഉപയോഗിച്ചു: 15 സ്ഥാപനങ്ങൾക്ക് വിലക്കുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ബഹുരാഷ്ട്ര പിസ്സ റെസ്റ്റോറൻ്റ് ശൃംഖലയായ ഡൊമിനോസിന്റേതിന് സമാനമായ വ്യാപാര മുദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്നു കാണിച്ച് ഡൊമിനോസ് നൽകിയ ഹർജിയിൽ 15 സ്ഥാപനങ്ങൾക്ക് വിലക്ക് നൽകി ഡൽഹി ഹൈക്കോടതി. "ഡൊമിനിക്‌സ് പിസ്സ (Domnic's Pizza), ഡൊമിനിക് പിസ്സ (Dominic Pizza), ഡാമിനിക് പിസ്സ (Daminic Pizza), ഡൊമിനിക് പിസ്സ (Dominik Pizza) തുടങ്ങി ഡൊമിനോസിന് സമാനമായ ലോഗോയും പേരും ഉപയോഗിക്കുന്നതിൽ നിന്ന് 15 സ്ഥാപനങ്ങൾക്ക് പരസ്യ ഇടക്കാല വിലക്ക് ആവശ്യപ്പെട്ട് ഡൊമിനോസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സൗരഭ് ബാനർജിയുടെ നിർദേശം.
ഭക്ഷ്യവസ്തുക്കൾക്ക് സമാനമായ പേരുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് ഗുരുതരമായ അപകടസാധ്യതകൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. മെയ് 28ന് നടന്ന വാദത്തിൽ ഡൊമിനോസിന്റേതിന് സമാനമായ പേരും ലോഗോയുമാണ് പ്രസ്തുത സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. "ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ തമ്മിലുണ്ടാകുന്ന ആശയക്കുഴപ്പം മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ കൂടുതൽ ജാഗ്രതയോടെയും കർശനമായും സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ഡൊമിനോസിന് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ച കോടതി, സെപ്തംബർ 17ന് അടുത്ത വാദം കേൾക്കുന്നതുവരെ ഡൊമിനോസിന് സമാനമായ ലോഗോ മാർക്കുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഔട്ട്ലെറ്റുകളെയും അവയുടെ ഏജന്റുമാരെയും വിലക്കുകയും ചെയ്തു. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയോട് അവരുടെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും വെബ്‌സൈറ്റിൽ നിന്നും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും 15 സ്ഥാപനങ്ങളുടെ ലിസ്റ്റിംഗുകൾ നീക്കം ചെയ്യാനും താൽക്കാലികമായി നിർത്തിവയ്ക്കാനും കോടതി നിർദ്ദേശിച്ചു.
1960ൽ അമേരിക്കയിൽ ഡൊമിനിക്സ് പിസ (Dominick’s Pizza) എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1965ൽ ഡൊമിനോസ് പിസ എന്ന പേരിലുള്ള കോർപറേറ്റ് സ്ഥാപനമായി മാറിയത്. കമ്പനിയുടെ പഴയ പേരിനോട് സമാനമായ പേരുകളാണ് ഈ 15 സ്ഥാപനങ്ങളിൽ പലതും ഉപയോഗിക്കുന്നതെന്നും കമ്പനിയുടെ പഴയ പേരിനെ ദുരുപയോഗം ചെയ്യുകയാണ് ഇവയെന്നുമാണ് ഡൊമിനോസിന്റെ വാദം.
0 comments