ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ നീക്കം ; ഡൽഹിയിൽ ബിജെപിയെ സഹായിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ എഎപിക്കൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ കോൺഗ്രസ് നീക്കം. ന്യൂനപക്ഷ വോട്ടർമാർ കൂടുതലുള്ള ഏഴ് മണ്ഡലങ്ങളിൽ പ്രവർത്തനം സജീവമാക്കി എഎപിയുടെ സാധ്യത ഇല്ലാതാക്കാനാണ് ശ്രമം.
രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് തിങ്കളാഴ്‌ച ന്യൂനപക്ഷ വോട്ടർമാർ കൂടുതലായുള്ള സീലംപുരിൽ തുടക്കമിട്ടതും ഇതിന്റെ ഭാഗം. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം ആ വിഭാഗത്തിൽ നിന്നുള്ള നേതാക്കളെയാണ് കോൺഗ്രസ് ഇക്കുറി സ്ഥാനാർഥികളാക്കിയത്. ഇതിൽ ചിലർ എഎപിയിൽ നിന്ന് കൂറുമാറി എത്തിയവരാണ്. അസദുദ്ദീൻ ഒവെയ്‌സിയുടെ എഐഎംഐഎമ്മും ന്യൂനപക്ഷ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുന്നുണ്ട്.
ഇത് സുവർണാവസരമൊരുക്കുമെന്നാണ് ബിജെപി ക്യാമ്പിലെ പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകൾ ചിതറിയാൽ പത്തോളം മണ്ഡലങ്ങളിൽ കടന്നുകൂടാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിലും മറ്റും ബിജെപിയേക്കാൾ ആക്രമിക്കുന്നതും എഎപിയെയാണ്.
ഏഴ് മണ്ഡലങ്ങൾ നിർണായകം
ഡൽഹിയിൽ 20 ശതമാനത്തോളമാണ് ന്യൂനപക്ഷ വോട്ടർമാർ. മട്ടിയാ മ ഹൽ, ബല്ലിമാരാൻ, സീലംപുർ, മുസ്‌തഫാബാദ്, ചാന്ദ്‌നിചൗക്ക്, ഓഖ്‌ല, ബാബർപുർ എന്നിവിടങ്ങളിൽ ജയം നിർണയിക്കുന്നതിൽ ന്യൂനപക്ഷ വോട്ടർമാരുടെ നിലപാട് നിർണായകം.
മെഹ്‌റോളി, ത്രിലോക്‌പുരി, നജഫ്‌ഗഡ്, തുഗ്ലക്കാബാദ് എന്നിവിടങ്ങളിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. ഡൽഹിയിൽ 1993 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ 2008 ലെ തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ലഭിച്ചത് കോൺഗ്രസിനായിരുന്നു. 2013 മുതൽ സ്ഥിതിമാറി. 2015, 2020 തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വോട്ടുകൾ ബഹുഭൂരിപക്ഷവും എഎപിക്ക് ലഭിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപിയെ എഎപി തോൽപ്പിച്ചത് ന്യൂനപക്ഷ വോട്ടർമാരുടെ പൂർണമായ പിന്തുണയിലാണ്.
Related News

0 comments