തിരുവണ്ണാമലയില്‍ "മേല്‍ജാതിക്കാരുടെ' ക്രൂരത ; ദളിത് കര്‍ഷകരുടെ വിളകള്‍ കളനാശിനി തളിച്ച് നശിപ്പിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഡ്രോൺവഴി കളനാശിനി തളിച്ച് പട്ടികജാതിക്കാരുടെ കൃഷി നശിപ്പിച്ച് "മേല്‍ജാതിക്കാര്‍' . അരുങ്കുണം ഗ്രാമത്തിൽ ഏഴ് ഏക്കര്‍ നിലത്തിലെ എള്ള്, ഉഴുന്ന് കൃഷിയാണ് ഫെബ്രുവരി 11ന് നശിപ്പിച്ചത്.
"മേല്‍ജാതിക്കാര്‍' കൈവശംവച്ച തന്റെ മുത്തച്ഛന്റെ പേരിലുള്ള ഭൂമി തിരികെ കിട്ടിയതോടെയാണ് ഉഴുന്നും എള്ളും കൃഷിയിറക്കിയതെന്ന് കര്‍ഷകനായ സുകുമാര്‍ പറഞ്ഞു. പാടത്ത് വെള്ളമെത്തിക്കാൻ ഡീസൽ മോട്ടോര്‍ എത്തിച്ചു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചിലരെത്തി ഭീഷണിപ്പെടുത്തി. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പരാതി നൽകി. എന്നാൽ തന്നെ ഭീഷണിപ്പെടുത്തിയവര്‍ ഡ്രോൺ വഴിയും മറ്റും കളനാശിനി ഉപയോഗിച്ച് മുഴുവന്‍ വിളകളും നശിപ്പിച്ചെന്ന് സുകുമാര്‍ പറഞ്ഞു.
കര്‍ഷകര്‍ പൊലീസിൽ പരാതി നൽകിയെങ്കിലും റവന്യൂരേഖകളിൽ "മേല്‍ജാതിക്കാ'രുടെ പേരിലാണ് ഭൂമിയെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പ്രതികരിച്ചു. സിപിഐ എം നേതൃത്വത്തിലുള്ള അയിത്തോച്ചാടന മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് 2024 സെപ്തംബറിലാണ് ദളിതര്‍ക്ക് ഭൂമി തിരികെ കിട്ടിയതെന്ന് ജനറൽ സെക്രട്ടറി കെ സാമുവൽ രാജ് പറഞ്ഞു. എം സുകുമാര്‍, എം തിലകരാജ്, വി അണ്ണാമലൈ എന്നിവര്‍ക്കാണ് ഏഴ് ഏക്കര്‍ ഭൂമി ലഭിച്ചത്. എന്നാൽ ഭൂരേഖകളിൽ ജീവനക്കാര്‍ ആവശ്യമായ മാറ്റം വരുത്താതാണ് സ്വന്തം ഭൂമിയിൽ ദളിതര്‍ക്ക് അവകാശംകിട്ടാതിരിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related News

0 comments