ബിഹാർ തെരഞ്ഞെടുപ്പ്
വീണ്ടും ചെങ്കൊടി പാറിച്ച് വിഭൂതിപുർ

വിഭൂതിപുർ (ബിഹാർ) : പോരാട്ടങ്ങളാൽ ചുവന്ന മണ്ണിൽ വീണ്ടും ചെങ്കോടിയുയർന്നു. വിഭൂതിപുർ ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം തന്നെ. സിപിഐ എം സ്ഥാനാർഥിയും സിറ്റിങ്ങ് എംഎൽഎയുമായ അജയ്കുമാറാണ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞടുക്കപ്പെട്ടത്. 10281 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 79246 വോട്ടുകളാണ് നേടിയത്. 2020ൽ പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷം ജെഡിയുവിൽ നിന്നാണ് സിപിഐ എം വിഭൂതിപുർ പിടിച്ചെടുത്തത്. 1980, 90, 95, 2000, 2005 വർഷങ്ങളിലും സിപിഐ എം ആണ് ഇവിടെ ജയിച്ചത്. അഞ്ചുവർഷം നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുമാണ് അജയ്കുമാറിന്റെ വിജയത്തിന് കാരണം.
അവകാശപോരാട്ടങ്ങളിലൂടെ സിപിഐ എം നിർണായക സ്വാധീനമുണ്ടാക്കിയ മണ്ണാണ് സമസ്‌തിപുരിലെ വിഭൂതിപുർ. ‘സമസ്‌തിപുരിലെ മോസ്‌കോ’ എന്നാണ് വിഭൂതിപുർ അറിയപ്പെടുന്നത്. അഞ്ഞൂറും ആയിരവും ഏക്കർ കൈവശംവച്ച ഭൂപ്രഭുക്കളുടെ പക്കൽനിന്നു ഭൂമി പിടിച്ചെടുത്ത് ദളിതർക്കും പിന്നോക്കവിഭാഗങ്ങൾക്കും ലഭ്യമാക്കാൻ സിപിഐ എം ഇവിടെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തി. 26 പേർ രക്തസാക്ഷികളായി. അജയ്‌കുമാറിനെ ഭൂപ്രഭുക്കൻമാർ മൂന്നുവട്ടം ആക്രമിച്ചു. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന രാംനാഥ് മഹാതോയുൾപ്പെടെ നിരവധി പ്രവർത്തകർ രക്തസാക്ഷികളായ മണ്ണാണ് സമസ്‌തിപ്പുർ.
2010ലും 2015ലും വിഭൂതിപുരിൽനിന്നു ജയിച്ച രാംബാലക് സിങ്ങിന്റെ ഭാര്യ രവീണ ഖുശ്‌വാഹയായിരുന്നു ഇക്കുറി ജെഡിയു സ്ഥാനാർഥി.









0 comments