അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന്? തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതര ആരോപണവുമായി സിപിഐ എംഎൽ

ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലുള്ളതിനേക്കാള്‍ അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന് വന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐ എംഎൽ.
ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയാണ് എക്സ് പോസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് ശേഷം 7.42 കോടി വോട്ടർമാർ എന്നതായിരുന്നു കണക്ക്. എന്നാൽ 7.45 കോടി വോട്ട് പോൾ ചെയ്തതായാണ് പുറത്തുവന്ന വിവരം.
രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് ആണ് രേഖപെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ 68.76 ശതമാനമാണ് പോളിങ്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിങ് ശതമാനമാണിത്. നവംബർ 6ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനമായിരുന്നു പോളിങ്. രണ്ടു ഘട്ടവും കൂടെ ആകെ 66.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
കുടിയേറ്റ തൊഴിലാളികളെ ബിജെപി വ്യാപകമായി വോട്ടിങ് ദിനത്തിൽ സംസ്ഥാനത്ത് എത്തിച്ചത് മുൻപ് വിവാദമായിരുന്നു. ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകൾ ഒരുക്കിയാണ് ബിഹാറിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ ഒന്നാം ഘട്ടത്തിൽ വോട്ടിങ്ങിനായി ബിജെപി എത്തിച്ചത്.
ടിക്കറ്റും ഭക്ഷണവും പണവും നൽകിയാണ് ബിജെപി ഇവരെ സ്വാധീനിച്ചത്. പ്രത്യേക ട്രെയിനുകളിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ഒന്നാം ഘട്ടത്തിൽ വോട്ടുചെയ്യാൻ പോകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബിഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ കുടിയേറ്റത്തൊഴിലാളികളെ എത്തിക്കുന്നതിനായി 32 പ്രത്യേക ട്രെയിനുകളാണ് നോർത്തേൺ റെയിൽവേ ഓടിച്ചത്. നോർത്തേൺ റെയിൽവേ ചീഫ് പിആർഒ ഹിമാൻഷു ശേഖർ ഉപാധ്യായ ഇക്കാര്യം സ്ഥിരീകരിച്ചു.









0 comments